ബിജെപി എംഎല്‍എയെ ആക്രമിച്ച് ഹിന്ദുത്വ പശുഗുണ്ടകള്‍; ഗുണ്ടകളില്‍ നിന്നും കര്‍ഷകരുടെ കന്നുകാലികളെ മോചിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമണം

Update: 2025-08-26 13:05 GMT

മുംബൈ: ഹിന്ദുത്വ പശുഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയ പശുക്കളെ മോചിപ്പിക്കാന്‍ ശ്രമിച്ച ബിജെപി എംഎല്‍എക്ക് നേരെ ആക്രമണം. ബിജെപി എംഎല്‍എ സദാബു ഘോട്ടാണ് ഫര്‍സങ്ങിയിലെ ദ്വാരകാധിഷ് തൊഴുത്തിന് സമീപം ആക്രമണത്തിന് ഇരയായത്. ഹിന്ദുത്വ പശുഗുണ്ടകള്‍ തങ്ങളുടെ പശുക്കളെ തട്ടിക്കൊണ്ടുപോയെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്നാണ് അദ്ദേഹം തൊഴുത്തില്‍ എത്തിയത്. എംഎല്‍എയും കര്‍ഷകരും ചേര്‍ന്ന് പരിശോധന നടത്തുന്ന സമയത്താണ് ഹിന്ദുത്വ പശുഗുണ്ടകള്‍ ആക്രമണത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് സദാബു ഘോട്ട് സിന്‍ഹഗാദ് പോലിസ് സ്‌റ്റേഷന് സമീപം പ്രതിഷേധിച്ചു.

പശുക്കശാപ്പ് നിരോധന നിയമം കര്‍ഷക വിരുദ്ധമാണെന്ന് സദാബു ഘോട്ട് നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ പശുപ്രവര്‍ത്തകര്‍ വലിയ ഓഫിസുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയാണെന്നും കര്‍ഷകരെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലിസ് സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ തൊഴുത്തുകള്‍ സ്ഥാപിച്ച് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശുപ്രവര്‍ത്തകര്‍ക്കെതിരേ നിലപാട് എടുക്കുന്ന എംഎല്‍എ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വിവിധ ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടു.