അദസ് അബബ(എത്യോപ്യ): ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച് ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി. എ്രത്യോപ്യയുടെ തലസ്ഥാനമായ അദസ് അബബയില്‍ നടന്ന 38ാം ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയാണ് വംശഹത്യക്കെതിരെ നിലപാട് പ്രഖ്യാപിച്ചത്. ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലിനെ വിചാരണ ചെയ്യണമെന്ന് ഉച്ചകോടിയില്‍ പാസാക്കിയ പ്രമേയം പറയുന്നു.
ഇസ്രായേലി ജയിലുകളില്‍ പൂട്ടിയിട്ടിരിക്കുന്ന ഫലസ്തീനികളെയെല്ലാം ഉടന്‍ വിട്ടയക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം അവസാനിക്കുന്നതു വരെ ആഫ്രിക്കന്‍ യൂണിയനില്‍ അംഗമായ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം ഒഴിവാക്കണം. ഏതെങ്കിലും രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ത്തിവക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗസയില്‍ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കുകയാണെന്ന് ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മൗസ ഫാക്കി പറഞ്ഞു. വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിനൊപ്പമാണ് തങ്ങളെന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കോമറോസിന്റെ പ്രസിഡന്റ് അസാലി അസുമാനി പറഞ്ഞു.
ഇത്തവണത്തെ ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.എന്നാല്‍, ഫലസ്തീന്‍ പ്രതിനിധി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേലി പ്രതിനിധി സംഘത്തെ പുറത്താക്കിയിരുന്നു.