ആമിര്‍ഖാന്‍ മുത്തഖിക്ക് ഹദീസ് പഠനത്തില്‍ ബിരുദം നല്‍കി ദാറുല്‍ ഉലൂം ദയൂബന്ദ്
സഹ്‌രാന്‍ പൂര്‍: അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖിക്ക് ഹദീസ് പഠനത്തില്‍ ബിരുദം നല്‍കി ദാറുല്‍ ഉലൂം ദയൂബന്ദ്. ഈ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഹദീസ് പഠിപ്പിക്കാനാവും. ബിരുദം നല്‍കുന്നതിന് മുമ്പ് മൗലാനാ മുഫ്തി ഖാസിം നൊമാനി അദ്ദേഹത്തിന്റെ അറിവ് പരിശോധിച്ചു. 15 പണ്ഡിതരും അദ്ദേഹവുമായി സംസാരിച്ചു. രാവിലെ 8.30ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട മുത്തഖി ഉച്ചയോടെയാണ് ദയൂബന്ദില്‍ എത്തിയത്. പൂക്കള്‍ വിതറി വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. '' ഇന്ത്യയിലേക്ക് കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. നിങ്ങളെല്ലാവരും ചരിത്രം നിറയുന്ന കാബൂളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.''-അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് പേരാണ് മുത്തഖിയെ കാണാന്‍ എത്തിയിരുന്നത്. അതിനാല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് നടത്താനിരുന്ന പൊതുപരിപാടി ഉപേക്ഷിക്കേണ്ടി വന്നു. പാകിസ്താനിലെ ദാറുല്‍ ഉലൂം ഹഖാനിയയിലെ മുന്‍ വിദ്യാര്‍ഥി കൂടിയാണ് ആമിര്‍ ഖാന്‍ മുത്തഖി.