''അധാര്‍മികത തടയണം''വിവിധ പ്രവിശ്യകളില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് വിഛേദിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍
കാബൂള്‍: സമൂഹത്തിലെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വിവിധ പ്രവിശ്യകളില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് വിഛേദിച്ച് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍. ബാല്‍ഖ്, കുന്ദുസ്, ബഗ്‌ലാന്‍, തഖാര്‍, ബഗാക്ഷന്‍, കാണ്ഡഹാര്‍, ലാഗ്മന്‍, ഹെല്‍മന്ദ് പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബാല്‍ഖ് പ്രവിശ്യാ വക്താവായ ഹാജി അത്തൗല സെയ്ദ് ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാന്‍ സമൂഹത്തിലെ അധാര്‍മിക പ്രചാരണങ്ങള്‍ തടയാനാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക വിദ്യകള്‍ക്ക് നേട്ടങ്ങളുണ്ടെങ്കിലും സാമൂഹിക മാധ്യമങ്ങളും ഇന്റര്‍നെറ്റും സമൂഹത്തിലുണ്ടാക്കുന്ന അധാര്‍മികത അതിലും പ്രധാനപ്പെട്ട വിഷയമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പറഞ്ഞു. ഇന്റര്‍നെറ്റ് ലഭിക്കാന്‍ ബദല്‍ സംവിധാനം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.