കാബൂള്‍: ഐഎസ് സംഘടനയെ പൂര്‍ണമായും ഒതുക്കിയെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം. സംഘടന ഇനി അഫ്ഗാനിസ്ഥാന് സുരക്ഷാ ഭീഷണിയല്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അബ്ദുല്‍ മത്തിന്‍ ഖാനെ മാധ്യമങ്ങളോട് പറഞ്ഞു. ''വിദേശികളാണ് അഫ്ഗാനിലെ ഐഎസിന് നേതൃത്വം നല്‍കിയിരുന്നത്. അവരുടെ പ്രവര്‍ത്തനവും മറ്റു താല്‍പര്യങ്ങളുടെ പുറത്തായിരുന്നു. ആ സംവിധാനം പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞു.''- അബ്ദുല്‍ മത്തിന്‍ ഖാനെ വിശദീകരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികള്‍ക്കിടയിലൂടെ ഐഎസുകാര്‍ കടക്കാനുള്ള സാധ്യത ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനാല്‍, അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കിയെന്നും 34 പ്രവിശ്യകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം അദ്ദേഹം വിശദീകരിച്ചു. യുഎസ് അധിനിവേശത്തിന്റെ മറവിലാണ് 2015ല്‍ ഐഎസ് അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. 2021ല്‍ അധിനിവേശം അവസാനിപ്പിച്ച് യുഎസ് സ്ഥലം വിട്ടതോടെ ഐഎസിനെ താലിബാന്‍ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു. അതിന് ശേഷമുള്ള നടപടികളാണ് ഐഎസിനെ ഒതുക്കാന്‍ സഹായിച്ചതെന്ന് സാമൂഹിക വിദഗ്ദര്‍ പറയുന്നു.