ലണ്ടന്‍: അഫ്ഗാനിസ്താനിലെ നൂറുകണക്കിന് ബ്രിട്ടീഷ് ചാരന്‍മാരുടെയും ബ്രിട്ടീഷ് അനുകൂലികളായ തദ്ദേശീയരുടെയും വിവരങ്ങള്‍ ചോര്‍ന്നു. ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെയും മിലിറ്ററി ഇന്റലിജന്‍സിന്റെയും വിവരങ്ങളും ചോര്‍ന്നതില്‍ ഉള്‍പ്പെടുന്നു. രണ്ടു പതിറ്റാണ്ടു നീണ്ട അധിനിവേശ കാലത്ത് ബ്രിട്ടീഷുകാരുമായി സഹകരിച്ച ഏകദേശം 19,000 അഫ്ഗാനിസ്ഥാന്‍ പൗരന്‍മാരും ഇതോടെ പ്രതിസന്ധിയിലായി.
2022 ഫെബ്രുവരിയിലാണ് വിവരങ്ങള്‍ ചോര്‍ന്നിരുന്നത്. 2022 ഫെബ്രുവരിയില്‍ ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ജീവനക്കാരനാണ് ഈ വിവരങ്ങള്‍ അഫ്ഗാനിസ്താനിലെ ഒരാള്‍ക്ക് ഇമെയില്‍ അയച്ചത്. ഇമെയില്‍ അറ്റാച്ച് ചെയ്യുന്ന ഫയല്‍ തെറ്റിയതാണ്. അധിനിവേശ കാലത്ത് തങ്ങളെ സഹായിച്ച അഫ്ഗാനികളെ യൂറോപ്പിലേക്ക് മാറ്റുന്ന പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടായിരുന്നു. അവരെ കുറിച്ചും അവരുമായി ബന്ധപ്പെടുന്ന അഫ്ഗാനിസ്താനിലെ രഹസ്യ ഉദ്യോഗസ്ഥരുടെ വിവരങ്ങളുമായിരുന്നു ഫയലുകളിലുണ്ടായിരുന്നത്. 2023 ആഗസ്റ്റിലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചോര്‍ച്ചയുടെ കാര്യം കാര്യം അറിഞ്ഞത്. തുടര്‍ന്ന് കോടതിയില്‍ രഹസ്യമായി കേസ് നടന്നുവരുകയായിരുന്നു. ഇന്നലെ ജഡ്ജി കേസ് വിവരങ്ങള്‍ പരസ്യമാക്കാമെന്ന് ഉത്തരവിട്ടു.