ഝാന്‍സിയിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയത് മുന്‍ ഭര്‍ത്താവെന്ന്; കൊല നടത്തിയത് വിവാഹ വാര്‍ഷിക ദിനത്തില്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ആദ്യ വനിതാ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍. ജനുവരി നാലിന്, വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു അനിത ചൗധരി എന്ന സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന അനിതയെ മുന്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ അനിത റോഡില്‍ കിടന്നാണ് മരിച്ചത്. ഓട്ടോ മറിയുകയും ചെയ്തു. നിലവിലെ ഭര്‍ത്താവിന്റെ പരാതിയില്‍ മുന്‍ ഭര്‍ത്താവ് മുകേഷ് ഝാ, ശിവം, മനോജ് എന്നിവര്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്.
കൊലപാതകത്തെ തുടര്‍ന്ന് മുകേഷിന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് രാവിലെ മുകേഷിന്റെ കാര്‍ ബെത്‌വ നദിയുടെ സമീപത്ത് നിന്നും ലഭിച്ചു. പ്രദേശത്ത് തന്നെ മുകേഷുമുണ്ടായിരുന്നു. പോലിസ് സംഘം എത്തിയതോടെ മുകേഷ് തോക്കെടുത്ത് വെടിവച്ചെന്നും തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവില്‍ അയാളെ പിടികൂടിയെന്നും പോലിസ് അറിയിച്ചു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴു വര്‍ഷം മുമ്പ് അനിതയും മുകേഷും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹവും കഴിച്ചു. പക്ഷേ, അല്‍പ്പസമയത്തിനകം അനിത, മുകേഷിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി. അനിത തന്നെ വഞ്ചിച്ചെന്ന് മനസിലാക്കിയ മുകേഷ് പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് കൊലപാതകം നടത്താന്‍ വിവാഹ വാര്‍ഷിക ദിനം തന്നെ തിരഞ്ഞെടുത്തതെന്നും പോലിസ് പറഞ്ഞു.