ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കേരളവുമായി ബന്ധമുണ്ടാവുമെന്ന് അഭിഭാഷകന്‍; കേരള പോലിസും അന്വേഷണത്തില്‍ പങ്കെടുക്കണം

Update: 2025-07-17 16:01 GMT

ബംഗളൂരു: ധര്‍മസ്ഥല കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് സുപ്രിംകോടതി അഭിഭാഷകന്‍ കെ വി ധനഞ്ജയ്. അന്വേഷണം സത്യസന്ധമായും സമഗ്രമായും നടക്കണമെങ്കില്‍ കേരളാ പോലിസും ഇടപെടണം. കേസില്‍ കേരള പോലിസിനെ പങ്കെടുപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



സുപ്രിംകോടതി അഭിഭാഷകന്‍ കെ വി ധനഞ്ജയ്

ബലാല്‍സംഗം ചെയ്യപ്പെട്ട നൂറോളം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ മറവ് ചെയ്യേണ്ടി വന്നുവെന്ന ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ഈ തൊഴിലാളി തന്റെ കൈവശമുള്ള തെളിവുകളെല്ലാം കെ വി ധനഞ്ജയിന് കൈമാറിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും വോട്ടര്‍ ഐഡിയും ധര്‍മസ്ഥല ക്ഷേത്ര മാനേജ്‌മെന്റ് നല്‍കിയ ഐഡി കാര്‍ഡും തെളിവുകളുടെ ഭാഗമാണ്. ശുചീകരണ തൊഴിലാളിയെ കാണാതാവുകയോ അയാള്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ സത്യം ലോകത്തെ അറിയിക്കാനാണ് ഈ നടപടി.

കര്‍ണാടക പോലിസിനൊപ്പം കേസന്വേഷണത്തില്‍ പങ്കെടുക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയുടെ അനുമതി തേടേണ്ടി വരുമെന്നും കെ വി ധനഞ്ജയ് പറഞ്ഞു. '' 'അത് ഒട്ടും വൈകാതെ ചെയ്യണം. കേരള സര്‍ക്കാരിന് ചില നിര്‍ണായക വസ്തുതകളെക്കുറിച്ച് ഇതിനകം തന്നെ അറിയാമായിരിക്കും അല്ലെങ്കില്‍ അവ ഉടന്‍ തന്നെ അറിയാന്‍ സാധ്യതയുണ്ട്.''-കെ വി ധനഞ്ജയ് വിശദീകരിച്ചു.

പതിനാറ് വര്‍ഷം ക്ഷേത്രത്തില്‍ ശുചീകരണ തൊഴിലാളിയായിരുന്ന ആളാണ് ഗുരുതരമായ വെളപ്പെടുത്തലുകള്‍ നടത്തിയിരുന്നത്. ഒരു അസ്ഥികൂടവും അയാള്‍ തെളിവായി നല്‍കുകയുണ്ടായി. അത് ഫോറന്‍സിക് പരിശോധനയ്ക്കായി അധികാരികള്‍ക്ക് കൈമാറി. അടുത്തിടെ കുഴിച്ചെടുത്ത ശരീര അവശിഷ്ടങ്ങളുടെ ഫോട്ടോ തെളിവുകളും അയാള്‍ പോലിസിന് കൈമാറിയിട്ടുണ്ട്.