അഡ്വ. അബ്ദുല്‍ വാഹിദ് ശെയ്ഖിന് പിഎച്ച്ഡി
മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസുകളില്‍ നേരത്തെ കോടതി ശെയ്ഖിനെ കുറ്റവിമുക്തനാക്കിയിരുന്നു
ഔറംഗാബാദ്: മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസുകളില്‍ കോടതി വെറുതെവിട്ട അഡ്വ. അബ്ദുല്‍ വാഹിദ് ശെയ്ഖിന് പിഎച്ച്ഡി. 'പ്രിസണ്‍ ലിറ്ററേച്ചര്‍: പോസ്റ്റ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന വിഷയത്തിലെ പ്രബന്ധത്തിനാണ് പിഎച്ച്ഡി. ഇന്ന് ഔറംഗാബാദിലെ എംജിഎം സര്‍വകലാശാലയില്‍ നടന്ന ബിരുദധാന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. വികാസ് സക്പാലാണ് പിഎച്ച്ഡി നല്‍കിയത്. ഇന്ത്യന്‍ ജയിലുകളിലെ അനീതിയുടെയും പ്രതീക്ഷയുടെയും ചെറുത്തുനില്‍പ്പിന്റെയും ശബ്ദങ്ങളാണ് പ്രബന്ധത്തിലുള്ളത്. ജയിലുകളില്‍ കഴിഞ്ഞ തടവുകാര്‍ ഉര്‍ദു സാഹിത്യത്തിനും ചെറുത്തുനില്‍പ്പിനും സാമൂഹിക നീതിക്കും നല്‍കിയ സംഭാവനകളും പ്രബന്ധം പരിശോധിക്കുന്നു.
ഇത് കേവലം അക്കാദമികമായ നാഴികക്കല്ലെന്ന് ഡോ. അബ്ദുല്‍ വാഹിദ് ശെയ്ഖ് പറഞ്ഞു. ജയിലിലെ നീതിക്കായുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വ്യാജകേസുകളില്‍ കുടുക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന നിരപരാധികളെ മോചിപ്പിക്കാനുള്ള സംഘടനയായ ഇന്നസെന്‍സ് നെറ്റ് വര്‍ക്കിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് അബ്ദുല്‍ വാഹിദ് ശെയ്ഖ്. മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസുകളില്‍ പോലിസ് പ്രതിയാക്കിയ കമാല്‍ അന്‍സാരി 2021ല്‍ ജയില്‍വാസത്തിനിടെ മരിച്ചിരുന്നു. 2025ല്‍ ഹൈക്കോടതി കമാല്‍ അന്‍സാരിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. അതിന് ശേഷം ഹൈക്കോടതി വിധിയുമായി അബ്ദുല്‍ വാഹിദ് ശെയ്ഖ് നാഗ്പൂരിലെ കമാല്‍ അന്‍സാരിയുടെ ഖബറില്‍ എത്തി. അവിടെ വിധി വായിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദമായ ഒരു ലേഖനവും എഴുതുകയുണ്ടായി.
