പത്തനംതിട്ട: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് നീതി ലഭ്യമായെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. അതിനാല്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍. എന്നാല്‍, നീതി എല്ലാവര്‍ക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരന്‍ എന്നതിനേക്കാളപ്പുറം നേരിട്ട് ബന്ധമുള്ളയാളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നല്‍കിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. വേറെ ഒരു പണിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്ന് ചിന്തിക്കുന്ന സര്‍ക്കാരാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെ ഉള്ളത്'- അടൂര്‍ പ്രകാശ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യുഡിഎഫിന് അനുകൂലമാകുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. അടൂര്‍ മുനിസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും. എല്ലാ ഇടങ്ങളിലും തിരഞ്ഞെടുപ്പില്‍ ഏകോപനമുണ്ടാക്കിക്കൊണ്ടാണ് കണ്‍വീനറെന്ന നിലയില്‍ മുന്നോട്ട് പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയമായി കാണുന്നത് ശബരിമലയിലെ തീവെട്ടിക്കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.