നടിയെ ആക്രമിച്ച കേസില്‍ 3.30ന് ശിക്ഷാവിധി

Update: 2025-12-12 07:32 GMT

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളില്‍ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നില്‍ അപേക്ഷിച്ചു. കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസില്‍ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടക്കുന്നത്. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.