ഹൈദരാബാദ്: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ അബുജുമാഡ് പ്രദേശത്ത് കൊല്ലപ്പെട്ട സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവു അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ലെന്ന് റിപോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാമെന്ന് മേയ് 24ന് ഛത്തീസ്ഗഡ് അഡ്വക്കറ്റ് ജനറല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ അറിയിച്ചിരുന്നുവെങ്കിലും നല്‍കിയില്ലെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ പീസ് പ്രസ്താവനയില്‍ പറഞ്ഞു.
നമ്പാല കേശവ റാവുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് ശ്രീകാകുളം എസ് മഹേശ്വര്‍ റെഡ്ഡിയാണ് തടസം സൃഷ്ടിക്കുന്നതെന്ന് സംഘടന ആരോപിച്ചു. മൃതദേഹത്തിനായി റാവുവിന്റെ സഹോദരന്‍ ഛത്തീസ്ഗഡില്‍ പോയെങ്കിലും മടക്കി അയക്കുകയാണ് ഉണ്ടായത്. മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്ന് റാവുവിന്റെ സഹോദര പുത്രന്‍ നബ്‌ല ജനാര്‍ദ്ദന്‍ റാവു പറഞ്ഞു. എന്നാല്‍, ആരും ഏറ്റെടുക്കാന്‍ വരാത്തതിനാല്‍ മൃതദേഹം സംസ്‌കരിച്ചതായി ബസ്തര്‍ പോലിസ് അറിയിച്ചു.
രംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള വിജയലക്ഷ്മി, കുര്‍ണൂല്‍ സ്വദേശി ലളിത എന്നീ മാവോവാദി നേതാക്കളുടെ മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് നല്‍കിയിട്ടില്ല. നേരത്തെ പോലിസിന് കീഴടങ്ങിയവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അബുജുമാഡില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് മാവോവാദികള്‍ പ്രസ്താവനയില്‍ പറഞ്ഞു. 20,000 പോലിസുകാരുമായി 60 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലാണുണ്ടായത്. നമ്പാല കേശവ റാവു മുന്നില്‍ നിന്ന് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയെന്നും പ്രസ്താവന പറയുന്നു.