അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വര്‍ഗീയ പ്രസംഗത്തില്‍ നടപടി വേണം: മുസ് ലിം വ്യക്തി നിയമബോര്‍ഡ്

Update: 2025-06-27 14:28 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടി വേണമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. ശേഖര്‍ കുമാര്‍ യാദവ് വര്‍ഗീയ പ്രസംഗം നടത്തിയിട്ട് ആറ് മാസമായിട്ടും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാര്‍ സംവിധാനങ്ങളും ബോധപൂര്‍വ്വമായ അനാസ്ഥ കാട്ടുന്നതായി ബോര്‍ഡ് ചൂണ്ടിക്കാട്ടി.

2024 ഡിസംബര്‍ 8ന് അലഹബാദ് ഹൈക്കോടതിയിലെ ലൈബ്രറി ഹാളില്‍ വെച്ച് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷ ജനതയുടെ ഇഷ്ടത്തിന് അനുസരിച്ച് മാത്രമേ രാജ്യം പ്രവര്‍ത്തിക്കൂ എന്നുമായിരുന്നു യോഗത്തില്‍ ശേഖര്‍ യാദവ് നടത്തിയ പരാമര്‍ശങ്ങളിലൊന്ന്. ഹിന്ദു ഐക്യം ആഹ്വാനം ചെയ്തുകൊണ്ട് ബിജെപി സ്ഥിരമായി ഉയര്‍ത്തുന്ന മുദ്രാവാക്യമായ 'ഏക് രഹേംഗെ തോ സേഫ് റാഹേംഗെ' ആണ് യാദവും മുഴക്കിയത്. ജഡ്ജി വിദ്വേഷകരമായ പദപ്രയോഗവും നടത്തി. മുസ്ലിം കുട്ടികള്‍ അവരുടെ ചെറുപ്രായത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നത് കണ്ടു വളരുന്നതിനാല്‍ അവര്‍ സഹിഷ്ണുതയുള്ളവരോ ഉദാരമതികളോ ആയിരിക്കുമെന്ന് കരുതരുതെന്നായിരുന്നു ജഡ്ജിയുടെ മറ്റൊരു വാദം. ഹിന്ദുക്കളെ ചെറുപ്പം മുതലേ ദയയെ കുറിച്ച് പഠിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ അവരുടെ കുട്ടികളില്‍ അഹിംസയും സഹിഷ്ണുതയും വേരൂന്നിയിട്ടുണ്ടെന്നും യാദവ് പറഞ്ഞു. മുസ്ലീങ്ങള്‍ രാജ്യത്തിന് അപകടമാണെന്നും അവര്‍ രാജ്യത്തിന് എതിരാണെന്നും രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണെന്നും അവരെ കരുതിയിരിക്കണമെന്നും വര്‍ഷങ്ങളോളം നമ്മുടെ പൂര്‍വികര്‍ സഹിച്ച ത്യാഗങ്ങളുടെ ഫലമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് പോലെ ഏകീകൃത സിവില്‍കോഡും നടപ്പിലാക്കുമെന്നും യാദവ് പറഞ്ഞു.