''നീ നിരപരാധി'': മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങളില്‍ കുറ്റവിമുക്തനാക്കപ്പെട്ട കമാല്‍ അന്‍സാരിയുടെ ഖബറിന് സമീപം കോടതി വിധി വായിച്ച് കുടുംബം

Update: 2025-08-31 13:20 GMT

നാഗ്പൂര്‍: 2006ല്‍ മുംബൈയിലെ ട്രെയ്‌നുകളില്‍ നടന്ന സ്‌ഫോടങ്ങളില്‍ പോലിസ് പ്രതിചേര്‍ക്കുകയും മരണശേഷം കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത കമാല്‍ അഹമദ് അന്‍സാരിയുടെ ഖബറില്‍ ഇന്ന് പ്രത്യേക പരിപാടി നടന്നു. കമാല്‍ അന്‍സാരിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്ന് നാഗ്പൂരിലെ ജാരിപാത്ക ഖബര്‍സ്ഥാനില്‍ എത്തി. തുടര്‍ന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി വായിച്ചു. കമാല്‍ അന്‍സാരി മരിച്ച് നാലുവര്‍ഷത്തിന് ശേഷമാണ് ചടങ്ങ് നടന്നത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ജമാല്‍ അഹമ്മദ് കണ്ണീരോടെ ഖബറിന് സമീപം നിന്നു. 2015ല്‍ പ്രത്യേക മക്കോക്ക കോടതി കുറ്റവിമുക്തനാക്കിയ ഡോ. അബ്ദുള്‍ വാഹിദ് ഷെയ്ഖും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. '' കോടതി ഇക്കയെ കുറ്റവിമുക്തനാക്കി. പക്ഷേ അദ്ദേഹത്തിന് നഷ്ടപ്പെട്ട 16 വര്‍ഷങ്ങളുടെ കാര്യമോ?. ഇക്കയുടെ മക്കള്‍ പിതാവിന്റെ സാന്നിധ്യമില്ലാതെ വളര്‍ന്നു, ഇത്ത നാണക്കേടിന്റെ നിഴലിലാണ്ജീവിച്ചിരുന്നത്.''-ജമാല്‍ അഹമ്മദ് പറഞ്ഞു.

2006ല്‍ നടന്ന സ്‌ഫോടനങ്ങളില്‍ ബീഹാറിലെ മധുബനി സ്വദേശിയായ കമാല്‍ അന്‍സാരി അടക്കം 12 പേരെയാണ് മക്കോക കോടതി 2015ല്‍ ശിക്ഷിച്ചിരുന്നത്. അന്‍സാരി അടക്കം അഞ്ചുപേര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. എന്നാല്‍, ഇവര്‍ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ബോബെ ഹൈക്കോടതി വെറുതെവിട്ടു. യഥാര്‍ത്ഥ പ്രതികള്‍ മറ്റാരോ ആണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുന്ന കാലത്താണ് കമാല്‍ അന്‍സാരി ജയിലില്‍ കിടന്ന് മരിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോവാതെ നാഗ്പൂരിലാണ് അടക്കിയത്. നിരപരാധിയാണെങ്കിലും കേസില്‍ 16 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കിടന്നത്.