പൂനെ: മഹാരാഷ്ട്രയിലെ ജംഗ്ലി മഹാരാജ് പ്രദേശത്ത് 2012ല്‍ നടന്ന സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അഹമദ് നഗര്‍ ജില്ലയിലെ (ഇപ്പോള്‍ അഹല്യനഗര്‍) ശ്രീരാംപൂരില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസ്‌ലം ശബീര്‍ ശെയ്ഖാണ് കൊല്ലപ്പെട്ടത്. ഒരു മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് രണ്ടു പിസ്റ്റളുകള്‍ ഉപയോഗിച്ച് അസ്‌ലത്തെ വെടിവച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലിസ് അദ്ദേഹത്തെ സഖാര്‍ കാംഗര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലിസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അസ്‌ലം. ഇയാളുടെ ഉമ്മ ശ്രീരാംപൂര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ബന്ധു ഇപ്പോള്‍ കൗണ്‍സിലറാണ്.
2012 ആഗസ്റ്റ് ഒന്നിന് പൂനെയിലെ ജംഗ്ലി മഹാരാജ് പ്രദേശത്ത് റോഡില്‍ ഏതാനും ചെറിയ സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തില്‍ 2013 ജനുവരിയില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അസ്‌ലത്തെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഘടനയുടെ നേതാവായ റിയാസ് ഭട്ട്കലാണ് ഈ സ്‌ഫോടനത്തിന് നിര്‍ദേശം നല്‍കിയതെന്നും ഭീകരവിരുദ്ധ സേന ആരോപിച്ചു. ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായ ഖത്തീല്‍ സിദ്ധീഖി എന്നയാളെ 2012ല്‍ യെര്‍വാദ ജയിലില്‍ വച്ച് ശരദ് മൊഹോല്‍ എന്ന ഗുണ്ടാ നേതാവ് കൊലപ്പെടുത്തിയതിന് പ്രതികാരമായിരുന്നു സ്‌ഫോടനമെന്നും പോലിസ് ആരോപിച്ചു. ജംഗ്ലി മഹാരാജ് പ്രദേശത്ത് സ്‌ഫോടനം നടത്തിയ സംഘം അസ്‌ലത്തില്‍ നിന്നും മൂന്നു പിസ്റ്റളുകള്‍ വാങ്ങിയെന്നും പോലിസ് ആരോപിച്ചു.
2015 ഒക്ടോബര്‍ 1ന് ബോംബെ ഹൈക്കോടതി അസ്‌ലത്തിന് ജാമ്യം അനുവദിച്ചു. പോലിസ് പറയുന്ന ഗൂഡാലോചനയുമായി അദ്ദേഹത്തിന്റെ ബന്ധം വളരെ വിദൂരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്നിരുന്നാലും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2019 മെയ് മാസത്തില്‍, ജാമ്യം റദ്ദാക്കി. പിന്നീട് 2023 ജനുവരിയില്‍ വീണ്ടും ജാമ്യം ലഭിച്ചു. സ്‌ഫോടനക്കേസില്‍ വിചാരണ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരമാണ് നടക്കുന്നതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വൈഭവ് ബഗാഡെ പറഞ്ഞു.
