വാഹനാപകടത്തില്‍ മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ മൂന്നു പേര്‍ മുങ്ങിമരിച്ചു

Update: 2025-09-15 13:43 GMT

ജയ്പൂര്‍: വാഹനാപകടത്തില്‍ മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൂന്നുപേര്‍ കുളത്തില്‍ മുങ്ങിമരിച്ചു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഫൂലിയകാല ഗ്രാമത്തിലാണ് സംഭവം. മഹേന്ദ്ര മാലി(25), ബാര്‍ദി ചാന്ദ്(34), മഹേഷ് ശര്‍മ(35ഃ എന്നിവരാണ് മരിച്ചത്. മറ്റു നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ജയ്പൂരിലെ ഒരു മേല്‍പ്പാലത്തില്‍ നിന്നും വാഹനം മറിഞ്ഞ് ഞായറാഴ്ച്ച ഏഴുപേര്‍ മരിച്ചിരുന്നു. നേരത്തെ മരണപ്പെട്ട ഒരാളുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി ഹരിദ്വാറില്‍ നിന്നും മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞത്. അടിയിലെ വെള്ളത്തില്‍ മുങ്ങിയാണ് ഏഴു പേരും മരിച്ചത്. അവരുടെ മൃതദേഹങ്ങള്‍ ഇന്നാണ് ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്നാണ് ഗ്രാമത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. അതിന്റെ ഭാഗമായി കുളത്തിലിറങ്ങിയവരാണ് മുങ്ങിമരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.