കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; ഒരു വയസുകാരന്‍ മരിച്ചു

Update: 2025-05-13 14:01 GMT

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലെ ചന്നപട്ടണയില്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു വയസുകാരന്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയില്‍ അതുല്‍-അലീന ദമ്പതികളുടെ മകന്‍ കാര്‍ലോ ജോ കുര്യന്‍ ആണ് മരിച്ചത്. കാര്‍ലോയുടെ മാതാവ് അലീന (33), മൂത്ത മകന്‍ സ്റ്റീവ് (3), അലീനയുടെ മാതാവ് റെറ്റി (57), ബന്ധുക്കളായ ആരോണ്‍ (14), ആല്‍ഫിന്‍ (16), കാര്‍ െ്രെഡവര്‍ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കണ്ണൂരില്‍നിന്നു ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാര്‍, മഴയില്‍ റോഡിലെ വെള്ളക്കെട്ടില്‍ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന ആന്റണി ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുമ്പോഴാണ്. ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറിയത്.