പോലിസുകാരിയെ എസ്‌ഐ പീഡിപ്പിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ 25 ലക്ഷം ചോദിച്ച എസിക്കും റൈറ്റര്‍ക്കും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: പോലിസുകാരിയെ പീഡിപ്പിച്ചെന്ന കേസ് ഒത്തുതീര്‍ക്കാന്‍ പ്രതിയായ എസ്‌ഐയില്‍ നിന്നും 25 ലക്ഷം രൂപ ആവശ്യപ്പെട്ട അസിസ്റ്റന്റ് കമാന്‍ഡന്റിനെയും സീനിയര്‍ സിവില്‍ പോലിസ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തു. കെഎപി മൂന്നാം ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ ആര്‍ പിള്ള, സൈബര്‍ ഓപ്പറേഷനിലെ ഓഫീസ് റൈറ്റര്‍ അനു ആന്റണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സൈബര്‍ ഓപ്പറേഷന്‍സ് ഔട്ട്‌റീച്ച് വിഭാഗത്തിലെ എസ്‌ഐ വില്‍ഫര്‍ ഫ്രാന്‍സിസിനെതിരെയാണ് പീഡനപരാതി വന്നത്. ഇത് ഒത്തുതീര്‍പ്പാക്കാന്‍ സ്റ്റാര്‍മോന്‍ ആര്‍ പിള്ള 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് കണ്ടെത്തിയത്.
നവംബര്‍ 16ന് താന്‍ പീഡനത്തിന് ഇരയായ കാര്യം ഇര അനു ആന്റണിയെ അറിയിച്ചിരുന്നു. സുഹൃത്തായ മറ്റൊരു ഉദ്യോഗസ്ഥ വഴി സ്റ്റാര്‍മോന്‍ ആര്‍ പിള്ളയെയും വിവരം അറിയിച്ചു. തുടര്‍ന്ന് സ്റ്റാര്‍മോന്‍ ആര്‍ പിള്ള, വില്‍ഫറില്‍നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതൊന്നുമറിയാതെ വനിതാ ഉദ്യോഗസ്ഥ തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കൈക്കൂലി കാര്യം വെളിപ്പെട്ടത്. ഇരുവര്‍ക്കുമെതിരേ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.
