എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ കുത്തേറ്റുമരിച്ച സംഭവം; എല്ലാ കുറ്റാരോപിതരെയും വെറുതെവിട്ടു
ആലപ്പുഴ: കോന്നി എന്‍എസ്എസ് കോളജിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാല്‍ കുത്തേറ്റുമരിച്ചെന്ന കേസിലെ എല്ലാ കുറ്റാരോപിതരെയും കോടതി വെറുതെവിട്ടു. കൊലപാതക ആരോപണത്തില്‍ കുറ്റാരോപിതരുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന 20 പേരെയാണ് കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നത്.
ചെങ്ങന്നൂര്‍ പ്രദേശത്തെ എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്നു വിശാല്‍. ആദ്യവര്‍ഷ വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ക്രിസ്ത്യന്‍ കോളജിലെ പരിപാടിക്ക് എത്തിയപ്പോള്‍ 2012 ജൂലൈ 16ന് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു ആരോപണം. കൂടെയുണ്ടായിരുന്ന പത്തോളം പേര്‍ക്കും അന്ന് പരിക്കേറ്റെന്ന് പോലിസ് പറയുന്നു. കുത്തേറ്റുണ്ടായ മുറിവുകള്‍ മൂലം വിശാല്‍ അടുത്ത ദിവസമാണ് മരിച്ചത്. കുറ്റാരോപിതര്‍ക്കെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത ഒരു വിദ്യാര്‍ഥി അടക്കം 20 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിവിധ ഘട്ടങ്ങളില്‍ അവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. കേസന്വേഷണത്തിന്റെ സമയത്ത് പോലിസ് രേഖപ്പെടുത്തിയ മൊഴികള്‍ തെറ്റായിരുന്നുവെന്ന് വിചാരണയില്‍ സാക്ഷികളായ കെഎസ്‌യു-എസ്എഫ് ഐ പ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു.