രാവണന്റെ പ്രതിമയില്‍ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീലിന്റെയും ഫോട്ടോ ചേര്‍ത്ത് എബിവിപി

Update: 2025-10-03 03:01 GMT

ന്യൂഡല്‍ഹി: ഹിന്ദു ഇതിഹാസമായ രാമായണത്തിലെ പ്രതിനായകനായ രാവണന്റെ പ്രതിമയില്‍ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകരായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും മറ്റും ചേര്‍ത്ത് സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപി. അഫ്‌സല്‍ ഗുരു, മാവോ സേതുങ് തുടങ്ങിയവരുടെ ചിത്രങ്ങളും രാവണന്റെ തലകളായി ചേര്‍ത്തു. ഇതിന തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആഘോഷത്തെ എബിവിപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കില്‍ ഗോഡ്‌സെയുടെ ചിത്രം എബിവിപി ഉപയോഗിക്കണമായിരുന്നുവെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. പ്രതിമക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞെന്ന് എബിവിപിയും ആരോപിച്ചു.

രാമായണത്തിലെ ശ്രീരാമന്‍, രാവണനുമേല്‍ വിജയം നേടിയതിന്റെ ആഘോഷമാണ് ദസറ. രാവണന്‍, മേഘനാഥന്‍, കുംഭകരന്‍ എന്നിവരുടെ പ്രതിമകള്‍ ദസറയ്ക്ക് ചുട്ടെരിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രാവണനെ ആരാധിക്കുന്ന നിരവധി പേരുണ്ട്. മഹാ പണ്ഡിതനായും ശിവന്റെ കടുത്ത ഭക്തനായും അവര്‍ രാവണനെ കാണുന്നു. ഉത്തര്‍പ്രദേശിലെ നഗീനയിലെ എംപി ചന്ദ്രശേഖര്‍ ആസാദ്, തന്റെ പേരിന് കൂടെ രാവണ്‍ എന്ന് ചേര്‍ത്തിരുന്നു.