''എബിവിപിക്ക് രക്തം നല്‍കിയില്ല''; വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റു

Update: 2025-01-25 12:30 GMT

തിരുവനന്തപുരം: സംഘപരിവാര വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ രക്തദാന ക്യാംപില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥി അദൈ്വതിനാണ് മര്‍ദനമേറ്റത്. ഈ മാസം 22നാണ് സംഭവം. കോളജിലെ എബിവിപി നേതാക്കളായ പ്രണവ്, ആദര്‍ശ്, ബിജോ, നിഖില്‍ എന്നിവരാണ് അദൈ്വതിനെ മര്‍ദ്ദിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

കോളജില്‍ നടക്കുന്ന എബിവിപിയുടെ രക്തദാന ക്യാംപില്‍ പങ്കെടുക്കണമെന്ന് മൂന്നു പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദൈ്വത് പറഞ്ഞു. ഒന്നരമാസം മുമ്പ് രക്തംദാനം ചെയ്തിരുന്നതിനാല്‍ നിരസിച്ചു. പിന്നാലെ, കോളജിലെ ഒരു മുറിയില്‍ കൊണ്ടുപോയി. ''നിനക്ക് തടിയൊക്കെ ഉള്ളതല്ലേ പോയി രക്തംകൊടുക്കൂ, ചത്തൊന്നും പോവില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.'' രക്തം തരില്ലെന്ന് ആവര്‍ത്തിച്ചതോടെ മര്‍ദ്ദിക്കുകയായിരുന്നു.

''ആദ്യം മുഖത്ത് അടിച്ചു. പിന്നീട് ചെവിയിലും കഴുത്തിലും പുറത്തുമെല്ലാം തല്ലി''- അദൈ്വത് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷകര്‍ത്താക്കള്‍ പാറശാല പോലിസില്‍ പരാതി നല്‍കി.