അബൂ ഉബൈദയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേല്‍; തൊട്ടു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് അബൂ ഉബൈദ
ഗസ സിറ്റി: ഖാന്‍ യൂനിസിലെ ഗസ യൂറോപ്യന്‍ ആശുപത്രിയില്‍ വ്യോമാക്രമണം നടത്തി അല്‍ ഖസ്സാം ബ്രിഗേഡിന്റെ വക്താവായ അബൂ ഉബൈദയെ കൊലപ്പെടുത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങളുടെ അവകാശവാദം. എന്നാല്‍, ഈ കോലാഹലങ്ങള്‍ക്ക് പിന്നാലെ അബു ഉബൈദ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. വെസ്റ്റ് ബാങ്കിലെ ബ്രുഖ്വിന്‍ നഗരത്തിന് സമീപം ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് നേരെ നടന്ന ഒരു വെടിവയ്പ് ഓപ്പറേഷനെ പ്രകീര്‍ത്തിക്കുന്ന സന്ദേശമാണ് പോസ്റ്റ് ചെയ്തത്.
ഈ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ആശുപത്രിയില്‍ അബൂ ഉബൈദ ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേലി ആര്‍മി റേഡിയോ റിപോര്‍ട്ട് ചെയ്തു. അബൂ ഉബൈദയെ ലക്ഷ്യമിട്ടാണ് ആശുപത്രി ആക്രമിച്ചതെന്നാണ് ഇസ്രായേല്‍ പറഞ്ഞിരുന്നത്. ആക്രമണത്തില്‍ 28 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.