''സിറിയ ശുദ്ധീകരിക്കപ്പെടുന്നു'' വിജയപ്രസംഗത്തില്‍ അബൂ മുഹമ്മദ് അല്‍ ജൂലാനി

''ഇത് ദൈവസഹായത്താല്‍ നേടിയ വിജയമാണ്... രക്തസാക്ഷികളുടെയും വിധവകളുടെയും അനാഥരുടെയും ത്യാഗങ്ങളുടെ ഫലമാണ്...''

Update: 2024-12-09 04:17 GMT

ദമസ്‌കസ്: സിറിയ ശുദ്ധീകരിക്കപ്പെടുകയാണെന്ന് ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി. ദമസ്‌കസ് കീഴടക്കിയ ശേഷം 1300 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഉമയ്യദ് മസ്ജിദില്‍ നടത്തിയ വിജയപ്രസംഗത്തിലാണ് അബൂ മുഹമ്മദ് അല്‍ ജൂലാനി ഇങ്ങനെ പറഞ്ഞത്.

'' സഹോദരങ്ങളേ, ഈ വിജയം പ്രദേശത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമാണ്... ഈ വിജയം മുഴുവന്‍ ഇസ്‌ലാമിക രാജ്യത്തിനും വേണ്ടിയുള്ള വിജയമാണ്.....ജയിലില്‍ കിടന്നവരുടെയും അവരുടെ ചങ്ങലകള്‍ പൊട്ടിച്ചവരുടെയും വിജയമാണിത്. അസദിന് കീഴില്‍ സിറിയ ഇറാന്റെ ആഗ്രഹങ്ങളുടെ കേന്ദ്രമായിരുന്നു. വിഭാഗീയ ചിന്താഗതി വളരെ ശക്തമായിരുന്നു.....അസദിന്റെ കാലത്ത് സിറിയ കാപ്റ്റഗണ്‍ ലഹരിമരുന്നിന്റെ പ്രഭവകേന്ദ്രമായിരുന്നു.''

''ഇത് ദൈവസഹായത്താല്‍ നേടിയ വിജയമാണ്... രക്തസാക്ഷികളുടെയും വിധവകളുടെയും അനാഥരുടെയും ത്യാഗങ്ങളുടെ ഫലമാണ്...''- അല്‍ ജൂലാനി പറഞ്ഞു.ജൂലാനിയുടെ പ്രസ്താവന കണ്ടെന്നും അയാള്‍ ശരിയായ കാര്യങ്ങളാണ് പറയുന്നതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വാക്കുകളേക്കാള്‍ ഉപരി പ്രവൃത്തിയാണ് അന്തിമമായി ജൂലാനിയുടെ ഭാവി തീരുമാനിക്കുകയെന്നും ബൈഡന്‍ പറഞ്ഞു. ടിവി സ്റ്റുഡിയോയും റേഡിയോ സ്‌റ്റേഷനും ഉപയോഗിക്കാതെ അല്‍ ജൂലാനി ഉമയ്യദ് മസ്ജിദ് വിജയപ്രസംഗത്തിന് തിരഞ്ഞെടുത്തതിന് വലിയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.


Full View