അന്താരാഷ്ട്ര സൈന്യത്തിന്റെ മറവില്‍ ഗസയില്‍ അധിനിവേശം അനുവദിക്കില്ല: ഹമാസ്

Update: 2025-11-05 11:33 GMT

ഗസ സിറ്റി:ഇസ്രായേലി അധിനിവേശ സേനക്ക് സമാനമായ മറ്റൊരു സൈന്യത്തെയും ഗസയില്‍ അനുവദിക്കില്ലെന്ന് ഹമാസ്. അന്താരാഷ്ട്ര സൈന്യത്തിന്റെ മറവില്‍ അധിനിവേശം തുടരാന്‍ അനുവദിക്കുമെന്ന് കരുതരുതെന്ന് ഹമാസ് രാഷ്ട്രീയ കാര്യ സമിതി അംഗം മൂസ അബു മര്‍സൂഖ് പറഞ്ഞു. ഗസയില്‍ പ്രവര്‍ത്തിക്കുന്ന ഏതുസൈന്യവും ഫലസ്തീനി നേതൃത്വത്തിലുള്ളതും ഗസ ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായിരിക്കണം. അതാണ് എല്ലാ ഫലസ്തീനി പ്രസ്ഥാനങ്ങളും എത്തിയിട്ടുള്ള ധാരണയെന്നും അദ്ദേഹം പറഞ്ഞു. ഗസയില്‍ അന്താരാഷ്ട്ര സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട കരട് പ്രമേയം യുഎസ് തയ്യാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ അഭിപ്രായം തേടിയ ശേഷം അത് യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്നാണ് യുഎസ് പറയുന്നത്. എന്നാല്‍, അന്തിമ പ്രമേയം പരിശോധിച്ച് മാത്രമേ സൈന്യത്തെ അയക്കൂയെന്നാണ് തുര്‍ക്കിയുടെയും ആറ് അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെയും നിലപാട്.