മധ്യപ്രദേശില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ചത്തത് 85 ഓളം കടുവകള്‍

2018-19 കാലയളവില്‍ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 28,306.70 ലക്ഷം രൂപ നീക്കിവെച്ചിരുന്നു

Update: 2021-12-23 13:02 GMT

ഭോപ്പാല്‍: ഇന്ത്യയുടെ കടുവ സംസ്ഥാനമായി അറിയപ്പെടുന്ന മധ്യപ്രദേശില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ചത്തത് 85 ഓളം കടുവകള്‍. കടുവകളെ വേട്ടയാടുന്നതും വന്യ ജീവി പരിസ്ഥിതി സംരക്ഷണത്തിനുള്ള ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടക്കാത്തതുമാണ് കടുവകള്‍ ചാകുന്നതിന്റെ എണ്ണം ഗണ്ണ്യമായി വര്‍ദ്ധിക്കാന്‍ കാരണം. വനം മന്ത്രി കുന്‍വര്‍ വിജയ് ഷായാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ജബല്‍പൂരിലെ ലഖന്‍ ഗംഘോറിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 2018 മുതലുള്ള കണക്കാണിത്. ചത്തതില്‍ 32 കടുവ കുഞ്ഞുങ്ങളാണെന്ന രേഖ സൂചിപ്പിക്കുന്നു.

 2018-19 കാലയളവില്‍ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ 28,306.70 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. 2019-20 ല്‍ 22,049.98 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. ഇതില്‍ 26,427.82 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, 2012 നും 2020 നും ഇടയില്‍ മധ്യപ്രദേശില്‍ 202 കടുവകള്‍ ചത്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 38 കടുവകളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്നാണ് വെബ്‌സെറ്റിലുള്ള വിവരം. 2010ല്‍ പന്ന ടൈഗര്‍ റിസര്‍വില്‍ കടുവകളെ വേട്ടയാടുന്നതായി ആരോപണം ഉയര്‍ന്നതിനാല്‍ കടുവ സംസ്ഥാനമെന്ന പദവി മധ്യപ്രദേശിന് നഷ്ടമായിരുന്നു. അന്ന് കര്‍ണാടകയിലായിരുന്നു ഏറ്റവും കൂടുതല്‍ കടുവയുണ്ടായിരുന്നത്.

 300 ഓളം കടുവകള്‍ കര്‍ണാടകയിലുണ്ടായപ്പോള്‍ 257 കടുവകളാണ് മധ്യപ്രദേശിലുണ്ടായിരുന്നത്. തുടര്‍ന്ന് 2012 ലാണ് ഈ പദവി മധ്യപ്രദേശ് തിരിച്ചുപിടിക്കുന്നത്. 300 കോടിയോളം രൂപ വര്‍ഷാവര്‍ഷം ചെലവഴിച്ചിട്ടും രാജ്യത്തിന്റെ ദേശീയ മൃഗത്തിന്റെ സംരക്ഷണം യഥാവിധം നടക്കുന്നില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News