റൊജാവയിലെ കുര്‍ദ് സൈന്യം സിറിയന്‍ സൈന്യത്തില്‍ ചേരും

Update: 2025-10-17 14:57 GMT

ദമസ്‌കസ്: റൊജാവ പ്രദേശത്തെ കുര്‍ദ് സൈന്യം സിറിയന്‍ സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചു. സിറിയന്‍ അറബ് സൈന്യത്തില്‍ പ്രത്യേക വിഭാഗമായിട്ടായിരിക്കും കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സൈന്യം ചേരുക. കുര്‍ദ് സൈന്യത്തിലെ കമാന്‍ഡര്‍മാര്‍ക്കും മറ്റും സിറിയന്‍ സൈന്യത്തില്‍ ഉന്നത പദവികള്‍ നല്‍കാന്‍ തീരുമാനമായെന്ന് കുര്‍ദ് സൈന്യത്തിന്റെ മേധാവിയായ മസ്‌ലും ആബ്ദി പറഞ്ഞു. '' ദീര്‍ഘകാലത്തെ സൈനിക പരിചയമുള്ള എസ്ഡിഎഫ് സൈനികര്‍ സിറിയന്‍ സൈന്യത്തിന് ഗുണം ചെയ്യും.''-മസ്‌ലും ആബ്ദി പറഞ്ഞു. ''അഹമദ് അല്‍ ഷറ സര്‍ക്കാരിനെ അനുകൂലിക്കുന്ന സായുധ സംഘങ്ങള്‍ തീരപ്രദേശത്തും സുവായ്ദ പ്രദേശത്തും നടത്തിയ ആക്രമണങ്ങള്‍ മൂലം കുര്‍ദുകള്‍ ഭയത്തിലായിരുന്നു. അതുകൊണ്ടാണ് ഐക്യം വൈകിയത്. വികേന്ദ്രീകൃത ഭരണത്തിന് തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഒരു രാജ്യത്തിന് അകത്ത് കേന്ദ്രസര്‍ക്കാരും പ്രവിശ്യകളും അധികാരം പങ്കിട്ടെടുക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ. വികേന്ദ്രീകൃത ഭരണം സര്‍ക്കാരിനെ ബാധിക്കുമോയെന്നാണ് ദമസ്‌കസിലെ ഭരണാധികാരികളുടെ ആശങ്ക. അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അവരെ അറിയിച്ചു.''-ആബ്ദി വിശദീകരിച്ചു.