ഗസയിലെ ഇസ്രായേലിന്റെ വംശഹത്യാ ആക്രമണം: മുതിര്‍ന്ന ഹമാസ്-ഇസ്‌ലാമിക് ജിഹാദ് നേതാക്കളും രക്തസാക്ഷികളായി

Update: 2025-03-18 15:08 GMT

ഗസ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുഎസ് പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗസയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന ഹമാസ്-ഇസ്‌ലാമിക് ജിഹാദ് നേതാക്കളും രക്തസാക്ഷികളായി. ഇതുവരെ 400ല്‍ അധികം ഫലസ്തീനികളാണ് ഗസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഗസയിലെ സര്‍ക്കാരിന്റെ ഫോളോ അപ്പ് കമ്മിറ്റി മേധാവിയും ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഇസ്സാം ഇല്‍ ദാലിസ്, നീതിന്യായവകുപ്പ് അണ്ടര്‍ സെക്രട്ടറി അഹമദ് അല്‍ ഹത്ത, ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി കമാന്‍ഡര്‍ മേജര്‍ ജനറല്‍ മഹ്മൂദ് അബൂ വാത്ഫ, ആഭ്യന്തര സുരക്ഷാ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബഹ്ജാത് അബൂ സുല്‍ത്താന്‍, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് വക്താവ് അബു ഹംസ തുടങ്ങിയ നേതാക്കളാണ് രക്തസാക്ഷികളായിരിക്കുന്നതെന്ന് ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ് അറിയിച്ചു. ഇസ്രായേലി അധിനിവേശ സേനയുടെ യുദ്ധവിമാനങ്ങള്‍ ഇവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും രക്തസാക്ഷികളായി.


ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് വക്താവ് അബു ഹംസ

ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വം ഫലസ്തീന്‍ ജനതയോടുള്ള ദേശീയ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും മതപരവും ധാര്‍മ്മികവുമായ കടമകള്‍ നിറവേറ്റുന്നതില്‍ നിന്നും ജനങ്ങളെ സേവിക്കുന്നതിലും നിന്നും തടയില്ലെന്ന് മീഡിയ ഓഫിസിന്റെ പ്രസ്താവന പറയുന്നു.

ഇസ്സാം ഇല്‍ ദാലിസ്

1948ല്‍ ജൂത സായുധ സംഘങ്ങള്‍ തട്ടിയെടുത്ത അഷ്‌ദോദില്‍ നിന്നുള്ള കുടുംബത്തില്‍ ഗസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി കാംപില്‍ 1966ലാണ് ഇസ്സാം ഇല്‍ ദാലിസ് ജനിച്ചത്. വളര്‍ന്നത് നുസൈറത്ത് അഭയാര്‍ത്ഥി കാംപിലായിരുന്നു. 2009-13 കാലത്ത് ഹമാസ് എക്‌സിക്യൂട്ടീവ് ഓഫീസ് അംഗമായി പ്രവര്‍ത്തിച്ചു.2012-14 കാലത്ത് ഇസ്മാഈല്‍ ഹനിയയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു. 2012-20 വരെ ഹമാസിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തു. അക്കാലത്ത് തന്നെ രാഷ്ട്രീയകാര്യസമിതിയുടെ വൈസ് പ്രസിന്റുമായി.

മഹ്മൂദ് അബൂ വാത്ഫ

ഹമാസിന്റെ രാഷ്ട്രീയ-സുരക്ഷാ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗസയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയും വഹിച്ചു.

അഹമദ് അല്‍ ഹത്ത

അബൂ ഉമര്‍ എന്നറിയപ്പെട്ട അഹമദ് അല്‍ ഹത്ത നിയമബിരുദധാരിയാണ്. 2021ല്‍ നീതിന്യായ വകുപ്പില്‍ എത്തി.