ട്രെയ്ന്‍ കയറി കാല്‍പാദം നഷ്ടപ്പെട്ടു; ചികില്‍സയില്ലാതെ രാത്രി അതിജീവിച്ച് മധ്യവയസ്‌കന്‍

Update: 2025-12-11 02:10 GMT

ഷൊര്‍ണൂര്‍: ട്രെയ്ന്‍ കയറി പാദമറ്റ യുവാവ് രാത്രിമുഴുവന്‍ ചികിത്സ കിട്ടാതെ റെയില്‍പ്പാളത്തിനരികില്‍ കിടന്നു. പാലക്കാട് അത്തിപ്പൊറ്റ സ്വദേശി സുനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി നിലമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന തീവണ്ടിയാണ് മഞ്ഞക്കാട്ട് വച്ച് തട്ടിയതെന്ന് കരുതുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ നടക്കാന്‍ പോലുമാകാതെ രാവിലെവരെ ഇയാള്‍ കിടന്നെങ്കിലും വിജനമായ സ്ഥലമായതിനാല്‍ ആരുമറിഞ്ഞില്ല. രാവിലെ ഇതുവഴിപോയ ട്രെയ്‌നിലെ യാത്രക്കാരാണ് പോലിസിന് വിവരം നല്‍കിയത്. റെയില്‍വേ പോലിസെത്തി സുനിലിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുന്‍പ്, നെടുങ്ങോട്ടൂര്‍ ഭാഗത്ത് ആനപ്പാപ്പാനായിരുന്നു ഇയാളെന്ന് പോലിസ് പറയുന്നു. പിന്നീട് ഈ ജോലി ഇല്ലാതായതിനെത്തുടര്‍ന്ന് മറ്റുതൊഴിലെടുത്ത് കഴിയുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.