ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറക്കും

Update: 2026-02-06 09:26 GMT

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഉടന്‍ പുറത്തിറക്കും. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ സംബന്ധിച്ച പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പ്രസ്താവന പുറത്തിറക്കാനൊരുങ്ങുന്നത്. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിന് പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും. ഊര്‍ജം- സാങ്കേതിക മേഖലകളില്‍ ഏകദേശം 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം. ട്രംപിന്റെ ഈ വാദം തള്ളാന്‍ പീയുഷ് ഗോയല്‍ തയ്യാറായില്ല. ഇന്ത്യ വളരെ വേഗത്തില്‍ വളരുന്ന സാഹചര്യമുള്ളതിനാല്‍ ഊര്‍ജ, വിവരസാങ്കേതിക, വാര്‍ത്താവിനിമയ മേഖലകളിലും ഡേറ്റ സെന്റര്‍ ഉപകരണങ്ങളുടെ കാര്യത്തിലും വലിയ തോതിലുള്ള ആവശ്യം ഭാവിയിലുണ്ടാകും എന്നുമായിരുന്നു വാണിജ്യമന്ത്രി പറഞ്ഞത്.

മാര്‍ച്ച് പകുതിയോടെ ഇന്ത്യ- യുഎസ് കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയുമുണ്ട്. ഇങ്ങനെ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചുമത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീലിനാണ് അമേരിക്ക ഇത്രയധികം തീരുവ ചുമത്തിയിട്ടുള്ളത്. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മറ്റ് ചില ഇളവുകള്‍ കൂടി രാജ്യത്തിന് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. അതിനാല്‍ തന്നെ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുണ്ടാകും. കരാറിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന നിയമപരമായ കരാറാക്കി മാറ്റേണ്ടതുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.