ജീവനുകള്‍ രക്ഷിക്കാന്‍ ഗസയിലെ ഡോക്ടര്‍ ആശുപത്രിയിലേക്ക് പോയി; അല്‍പ്പസമയത്തിന് ശേഷം മക്കളുടെ മൃതദേഹങ്ങള്‍ എത്തി

Update: 2025-05-25 02:02 GMT

ഗസ സിറ്റി: പത്ത് മക്കളെ ഭര്‍ത്താവ് നോക്കിക്കോളുമെന്ന ഉറപ്പിലാണ് തെക്കന്‍ ഗസയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിലെ ഡോ. അലാ അല്‍ നജ്ജാര്‍ വെള്ളിയാഴ്ച ജോലിക്ക് പോയത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴു കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തി. ഇസ്രായേലി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് അവര്‍ മരിച്ചത്. ഡോ. അലാ അല്‍ നജ്ജാറിന്റെ മക്കളാണ് ഇതെന്ന് ഗസ സിവില്‍ ഡിഫന്‍സ് ആശുപത്രി അധികൃതരെ അറിയിച്ചു. മരിച്ചവരില്‍ മൂത്തയാള്‍ക്ക് 12 വയസ്സായിരുന്നു, ഇളയയാള്‍ക്ക് മൂന്ന് വയസും. ശനിയാഴ്ച രാവിലെ വരെ ഏഴ് മാസം പ്രായമുള്ള ഒരു കുട്ടിയുടെയും രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യഹ്‌യ, രഖാന്‍, റസ്‌ലാന്‍, ജെബ്രാന്‍, ഈവ്, റിവാല്‍, സയ്ദന്‍, ലുഖ്മാന്‍, സിദ്ര എന്നിവരാണ് മരിച്ചത്.



 


ഇസ്രായേലി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയും ഭര്‍ത്താവും മാത്രമാണ് ജീവനോടെ ബാക്കിയായത്. ഭര്‍ത്താവും ഡോക്ടറാണ്. ഗസയിലെ മെഡിക്കല്‍ സ്റ്റാഫ് അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിതെന്ന് ഗസ ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ ബാര്‍ഷ് പറഞ്ഞു. ''വേദന വിവരിക്കാന്‍ വാക്കുകള്‍ പോരാ. ഗസയില്‍, ആരോഗ്യ പ്രവര്‍ത്തകരെ മാത്രമല്ല ലക്ഷ്യമിടുന്നത്, ഇസ്രായേലിന്റെ ആക്രമണം കൂടുതല്‍ മുന്നോട്ട് പോകുന്നു, മുഴുവന്‍ കുടുംബങ്ങളെയും തുടച്ചുനീക്കുന്നു.''-ബാര്‍ഷ് പറഞ്ഞു.

മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ ഡോ. അലാ അല്‍ നജ്ജാര്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ച് ക്ഷമ തേടിയെന്ന് സഹപ്രവര്‍ത്തകനായ ഡോ. അഹമദ് അല്‍ ഫറ പറഞ്ഞു. ''ഡോ.അല ശിശുരോഗ വിദഗ്ദയാണ്. അധിനിവേശം നടക്കുന്നതിനാല്‍ ഇപ്പോള്‍ എമര്‍ജന്‍സി റൂമിലാണ് ഡ്യൂട്ടിയിട്ടിരിക്കുന്നത്. മക്കള്‍ മരിച്ചിട്ടും ഡോ. അലാ മറ്റു രോഗികളെ പരിശോധിച്ചു. ഇടക്ക് ജീവനോടെയുള്ള 11 വയസുള്ള മകന്‍ ആദമിന്റെയും ഭര്‍ത്താവിന്റെയും ആരോഗ്യനില പരിശോധിക്കുന്നുണ്ട്.''-ഡോ. അഹമദ് പറഞ്ഞു.