'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിനെതിരെ പരാതി നല്‍കിയയാള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി.
തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിനെതിരെ പരാതി നല്‍കിയ പ്രസാദ് കുഴിക്കാലയ്‌ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി. പൊതു പ്രവര്‍ത്തകനായ കുളത്തൂര്‍ ജയ്‌സിങ്ങാണ് പരാതി നല്‍കിയത്. പ്രസാദ് കുഴിക്കാലയുടെ സംഘടനയെകുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ പ്രധാന ആവശ്യം. നേരത്തേ പ്രസാദിന്റെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസും രംഗത്തുവന്നിരുന്നു. തങ്ങളുടെ സംഘടനയില്‍നിന്നും പുറത്തുപോയ വ്യക്തിയാണ് പ്രസാദെന്നും പുതിയ സംഘടന രൂപീകരിച്ചെന്നും ഹരിദാസ് ആരോപിച്ചിരുന്നു. ഒരു പേരില്‍ ഒരു സംഘടനയ്ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രസാദിന്റെ സംഘടനയ്ക്ക് അംഗീകാരമുണ്ടോ എന്നു പരിശോധിക്കണമെന്നുമാണ് ജയ്‌സിങ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലഭിച്ച പരാതി അന്വേഷണത്തിനായി മുഖ്യമന്ത്രി ഐജിക്ക് കൈമാറി. അതേസമയം പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഗാനം എഴുതിയ ജി പി കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.