അന്ധനായ യാചകന്‍ മാസം 10,000 രൂപ ജീവനാംശം നല്‍കണമെന്ന് ഭാര്യ; ഹരജി തള്ളി ഹൈക്കോടതി

Update: 2025-09-20 12:16 GMT

കൊച്ചി: അന്ധനായ യാചകന്‍ മാസം പതിനായിരം രൂപ വീതം ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സ്ഥിര വരുമാനമില്ലാത്തതിനാല്‍ ഭിക്ഷയെടുത്ത് ജീവിക്കുന്ന ഭര്‍ത്താവിന് ഈ നിര്‍ദേശം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. നേരത്തെ ഭാര്യയുടെ ഹരജി കുടുംബകോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

'' ഭര്‍ത്താവ് യാചകനാണെന്ന് ഭാര്യ തന്നെ സമ്മതിക്കുമ്പോള്‍ ഭാര്യക്ക് ജീവനാംശം നല്‍കാന്‍ യാചകന് നിര്‍ദേശം നല്‍കാന്‍ ഒരു കോടതിക്കും കഴിയില്ല. കേരളത്തില്‍ യാചനയെ ജോലിയായി കാണുന്നില്ല. ഉപജീവനത്തിനായി ആരും യാചിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കോടതിയുടെയും ഉത്തരവാദിത്തമാണ്. അത്തരമൊരു വ്യക്തിക്ക് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത്തരമൊരു വ്യക്തിയുടെ നിരാലംബയായ ഭാര്യയെ ഉചിതമായ നടപടികളിലൂടെ സര്‍ക്കാര്‍ സംരക്ഷിക്കണം.''-കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശവും നല്‍കി.