മസ്ജിദുല്‍ അഖ്‌സയില്‍ 90,000 ഫലസ്തീനികള്‍ ജുമുഅ നമസ്‌കാരത്തിന് എത്തി (VIDEO)

Update: 2025-03-07 16:51 GMT

അല്‍ ഖുദ്‌സ് (ജെറുസലേം): റമദാനിലെ വെള്ളിയാഴ്ച്ച 90,000 വിശ്വാസികള്‍ മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ നമസ്‌കാരത്തിനെത്തി. വിശ്വാസികളെ അടിച്ചമര്‍ത്താന്‍ മൂവായിരത്തോളം പോലിസുകാരെയാണ് ഇസ്രായേല്‍ വിന്യസിച്ചിരുന്നത്. അനുമതിയില്ലെന്ന് പറഞ്ഞ് നിരവധി പേരെ സയണിസ്റ്റ് പോലിസ് തിരിച്ചുവിട്ടെന്ന് ഫലസ്തീനി മാധ്യമമായ വാഫ റിപോര്‍ട്ട് ചെയ്തു.

55 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്‍മാരെയും 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളെയും 12 വയസിന് താഴെ പ്രായമുള്ള കുട്ടികളെയും മാത്രമേ മസ്ജിദില്‍ പ്രവേശിപ്പിക്കൂ എന്ന നിലപാടാണ് ഇസ്രായേലി പോലിസ് സ്വീകരിച്ചത്. കൂടാതെ വിവിധ പ്രദേശങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് പരിശോധനകള്‍ നടത്തുകയും ചെയ്തു.


ഇബ്രാഹിമി പള്ളി

അതേസമയം, അല്‍ ഖലീലിലെ (ഓള്‍ഡ് ഹെബ്രോണ്‍) ഇബ്രാഹിമി പള്ളിയിലെ എല്ലാ മുറികളും ഫലസ്തീനികള്‍ക്ക് തുറന്നുകൊടുത്തില്ല. റമദാനിലെ ഈ നടപടി അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് ഫലസതീന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇബ്രാഹിമി പള്ളിയില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കാനാണ് ശ്രമമെന്നും അതോറിറ്റി ആരോപിച്ചു.

വെസ്റ്റ്ബാങ്കിലെ അല്‍ സാതൂന്‍ പള്ളി, അജാജ് പള്ളി, ഗ്രെയ്റ്റ് സലാഹൂദ്ദീന്‍ അയ്യൂബി പള്ളി, അല്‍ തിന പള്ളി, അല്‍ ബെയ്ക് പള്ളി, എന്നിവിടങ്ങളില്‍ ഇസ്രായേലി സൈന്യം റെയ്ഡും നടത്തി. ചില പ്രദേശങ്ങളില്‍ വെടിവയ്പും നടത്തി. അല്‍ നാസര്‍ പള്ളിയില്‍ ഇസ്രായേലി സൈന്യം തീയിട്ടതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു.