മുര്‍ഷിദാബാദില്‍ ഡിസംബര്‍ ആറിന് തന്നെ 'ബാബരി മസ്ജിദിന്' കല്ലിടുമെന്ന് ഹുമായൂണ്‍ കബീര്‍ എംഎല്‍എ
കൊല്‍ക്കത്ത: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച ഡിസംബര്‍ ആറിന് തന്നെ പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ 'ബാബരി മസ്ജിദിന്' തറക്കല്ലിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമായൂണ്‍ കബീര്‍. മുര്‍ഷിദാബാദിലെ ബെല്‍ദാംഗ ബ്ലോക്കിലാണ് മസ്ജിദ് നിര്‍മിക്കുക. അതേസമയം, അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച് നിര്‍മിച്ച ക്ഷേത്രത്തിന്റെ രൂപത്തിലുള്ള ക്ഷേത്രം മുര്‍ഷിദാബാദില്‍ നിര്‍മിക്കാന്‍ ഹിന്ദുത്വര്‍ സമിതികള്‍ രൂപീകരിച്ചു.
പശ്ചിമബംഗാള്‍ ഇസ്‌ലാമിക്ക് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന പേരിലാണ് 'ബാബരി മസ്ജിദ്' നിര്‍മിക്കാന്‍ ഹുമായൂണ്‍ കബീര്‍ ശ്രമിക്കുന്നത്. ''ഭൂമി തരാമെന്ന് നേരത്തെ പറഞ്ഞവര്‍ പോലിസിന്റെയും സര്‍ക്കാരിന്റെയും സമ്മര്‍ദ്ദം മൂലം പിന്‍വാങ്ങി. ഞങ്ങള്‍ പുതിയ ഭൂമിക്കായി ശ്രമിക്കുകയാണ്. എന്തായാലും ഡിസംബര്‍ ആറിന് തന്നെ തറക്കല്ലിടും.''-അദ്ദേഹം പറഞ്ഞു. മസ്ജിദിന്റെ കൂടെ 200 കിടക്കകള്‍ ഉള്ള ആശുപത്രിയും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ആരാധനാലയം നിര്‍മിക്കല്‍ ഭരണഘടനാപരമായ അവകാശമാണ്. അതില്‍ നിന്നും പിന്‍വാങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുര്‍ഷിദാബാദില്‍ രാമക്ഷേത്രത്തിന് ഡിസംബര്‍ ആറിന് തറക്കല്ലിടുമെന്ന് ബിജെപി മുന്‍ പ്രസിഡന്റ് സഖ്‌റാബ് സര്‍ക്കാര്‍ പറഞ്ഞു. ഭരംപൂര്‍ ടൗണിലായിരിക്കും ഈ ക്ഷേത്രം. സാഗര്‍ദിഗി മണ്ഡലത്തിലെ അലങ്കാര്‍ ഗ്രാമത്തിലായിരിക്കും മറ്റൊരു രാമക്ഷേത്രം നിര്‍മിക്കുക. ജനുവരി 22ന് ഇതിന് തറക്കല്ലിട്ടിരുന്നു. കൂടാതെ ഒരു ശിവക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും നിര്‍മിക്കും. ഭക്ഷണം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടാതെ തൃണമൂലും ബിജെപിയും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ബാബറിന്റെ പേരിലുള്ള മസ്ജിദ് അയോധ്യയിലെ പോലെ തന്നെയുള്ള വിധിയായിരിക്കും നേരിടുകയെന്ന് ബിജെപി നേതാവ് ഉമാ ഭാരതി ഭീഷണിപ്പെടുത്തുകയും ചെയ്തു.
