സൂറത്തില്‍ 80 ദലിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു

Update: 2025-05-19 14:22 GMT

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 80 ദലിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. അമ്രോളിയിലെ ആനന്ദ ബുദ്ധവിഹാറില്‍ മേയ് 14ന് നടന്ന ചടങ്ങിലാണ് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ദലിത് അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സ്വയം സൈനിക് ദള്‍(എസ്എസ്ഡി) എന്ന സംഘടനയാണ് മതം മാറ്റത്തിന് നേതൃത്വം നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

2023ലാണ് ഈ കുടുംബങ്ങള്‍ മതം മാറാന്‍ അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ഒരു മാസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും രണ്ടുവര്‍ഷം സമയമെടുത്തു. വൈകിപ്പിക്കുക, നശിപ്പിക്കുക എന്ന തന്ത്രമാണ് അധികൃതര്‍ എടുത്തതെന്ന് കുടുംബങ്ങള്‍ പറയുന്നു. ഇതിനെ അതിജീവിച്ചാണ് അവര്‍ വിജയകരമായി മതം മാറിയത്.

ബുദ്ധമതത്തില്‍ ചേര്‍ന്നത് ജീവിതം മാറ്റിമറിച്ചെന്ന് 2019ല്‍ മതം മാറിയ മയൂര്‍രാജ് നാഗ് എന്നയാള്‍ പറഞ്ഞു. പുകവലിയും പുകയില ഉപയോഗവും മദ്യപാനവുമെല്ലാം നിര്‍ത്താന്‍ ഇത് സഹായിച്ചുവെന്നാണ് മയൂര്‍രാജ് നാഗ് പറയുന്നത്.