പൂനെയിലെ ഗില്ലന്‍ ബാരി രോഗികളുടെ എണ്ണം 73 ആയി; 14 പേര്‍ വെന്റിലേറ്ററില്‍
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചവരുടെ എണ്ണം 73 ആയി. ഇതില്‍ 14 പേര്‍ വെന്റിലേറ്ററിലാണുള്ളത്. അപൂര്‍വ്വരോഗമാണെങ്കിലും ജിബിഎസിന് ചികില്‍സയുണ്ട്. ആദ്യം 26 കേസാണ് റിപോര്‍ട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് നിരവധി പേരില്‍ രോഗം കണ്ടെത്തുകയായിരുന്നു. സാധാരണഗതിയില്‍ വലിയ ആശുപത്രികളില്‍ പ്രതിമാസം ഒന്നോ രണ്ടോ കേസുകള്‍ മാത്രമാണ് വരാറെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
രോഗകാരണം കണ്ടെത്താനായി ആരോഗ്യവകുപ്പ് ജില്ലയിലെ വീടുകളില്‍ പരിശോധന നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ 7,200 വീടുകളില്‍ പരിശോധന നടന്നുകഴിഞ്ഞു. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയ ബാധിച്ചാല്‍ ഈ രോഗം വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി സ്വന്തം നാഡികളെയും ആക്രമിക്കും.
നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.
പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ആളുകളിലാണു രോഗബാധ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം വയറുവേദനയ്ക്കും അതിസാരത്തിനും ചികിത്സ തേടി ആശ്വാസം ലഭിക്കുന്നവര്‍ കടുത്ത ക്ഷീണവും തളര്‍ച്ചയും മൂലം വീണ്ടും ആശുപത്രിയില്‍ എത്തുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
