മുംബൈ ട്രെയ്ന്‍ സ്‌ഫോടനങ്ങള്‍: ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി; ആരോപണ വിധേയര്‍ ജയിലില്‍ പോവേണ്ടതില്ല

Update: 2025-07-24 06:07 GMT

ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയ്ന്‍ സ്‌ഫോടനക്കേസിലെ ആരോപണ വിധേയരെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീല്‍ അതിവേഗം പരിഗണിക്കണമെന്ന് ഇന്ന് രാവിലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ. ആരോപണവിധേയര്‍ ജയിലിലേക്ക് തിരിച്ചുപോവണമെന്ന് വാദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയരെ വെറുതെ വിട്ട സമയത്ത് ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരമുള്ള നിരവധി കേസുകളുടെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നാണ് തുഷാര്‍ മേത്ത വാദിച്ചത്.

'' ഹൈക്കോടതി വെറുതെവിട്ടവരെല്ലാം ജയില്‍ മോചിതരായി. അവരെ തിരികെ ജയിലില്‍ അയക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ച നിയമപ്രശ്‌നം പരിഗണിച്ച് ഹൈക്കോടതി വിധിയെ മറ്റു കേസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. അത്രയും മാത്രം വിധി സ്റ്റേ ചെയ്യുന്നു.''-സുപ്രിംകോടതി പറഞ്ഞു.

2006ല്‍ മുബൈയില്‍ ട്രെയ്‌നുകളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 189 പേര്‍ കൊല്ലപ്പെടുകയും 820 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ അഞ്ചു പേരെ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഏഴു പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, ആരോപണവിധേയരെയെല്ലാം ബോംബെ ഹൈക്കോടതി വെറുതെവിട്ടു. കെട്ടിച്ചമച്ച കേസാണെന്ന പരാമര്‍ശത്തോടെയായിരുന്നു വിധി. ഈ വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയിലുള്ളത്.