''അഛന് അവര്‍ എന്തോ കലക്കികൊടുത്തു'': കൊലക്കേസില്‍ ഏഴുവയസുകാരിയുടെ മൊഴി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം തടവ്
ലഖ്‌നോ: യുവാവിനെ വിഷം കൊടുത്തുകൊന്ന കേസില്‍ ഭാര്യയേയും കാമുകനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഏഴുവയസുകാരിയായ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ നേഹ(35), കാമുകന്‍ ആയുഷ് കുമാര്‍(21) എന്നിവരെ കാണ്‍പൂര്‍ കോടതി ശിക്ഷിച്ചത്. പ്രതീക് ശര്‍മ എന്നായിരുന്നു നേഹയുടെ ഭര്‍ത്താവിന്റെ പേര്. ഇയാളെ ലഖ്‌നോവിലെ ഒരു ഹോട്ടലില്‍ എത്തിച്ച ശേഷം വെള്ളത്തില്‍ വിഷം കലക്കി മരുന്നാണെന്ന് പറഞ്ഞ് കുടിപ്പിച്ചുവെന്നാണ് കേസ്. ഇത് കുടിച്ചതോടെ പ്രതീക് ശര്‍മയുടെ ആരോഗ്യനില മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു. സംഭവസമയത്ത് രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് പ്രോസിക്യൂട്ടര്‍ ദിലീപ് അവാസ്തി പറഞ്ഞു. '' അമ്മ വെള്ളത്തില്‍ എന്തോ കലക്കുന്നത് കണ്ടുവെന്നാണ് മകള്‍ മൊഴി നല്‍കിയത്. അതിന് പുറമെ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിരുന്നു.''-ദിലീപ് അവാസ്തി വിശദീകരിച്ചു.
2017ലാണ് പ്രതീക് നേഹയെ വിവാഹം കഴിച്ചത്. മെഡിക്കല്‍ ഷോപ്പ് നടത്തിയാണ് പ്രതീക് കുടുംബം പുലര്‍ത്തിയിരുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഈ ബന്ധത്തിലുള്ളത്. 2024 മാര്‍ച്ച് ആറിന് ദമ്പതികള്‍ ലഖ്‌നോവിലേക്ക് പോയി. മാര്‍ച്ച് 16ന് നേഹയും കുട്ടികളും മാത്രമാണ് വീട്ടില്‍ തിരിച്ചെത്തിയത്. വണ്ടി കേടായതിനാല്‍ പ്രതീക് അല്‍പ്പസമയത്തിന് ശേഷം എത്തുമെന്ന് നേഹ പറഞ്ഞു. നാലുദിവസത്തിന് ശേഷം നേഹ മക്കളെയും കൊണ്ട് വീട്ടില്‍ നിന്നും പോയി. ഇവരെ കാണാതായതോടെ പ്രതീകിന്റെ പിതാവ് പുനീത് ശര്‍മ പോലിസില്‍ പരാതി നല്‍കി. പ്രതീകിന്റെ ഫോണ്‍ ആയുഷ് എന്നയാള്‍ ഉപയോഗിക്കുന്നതായി പോലിസ് കണ്ടെത്തി. പ്രതീകും കുടുംബവും ലഖ്‌നോവില്‍ പോയപ്പോള്‍ ആയുഷും കൂടെയുണ്ടായിരുന്നതായും പോലിസ് മനസിലാക്കി. വിഷം അകത്തുചെന്ന പ്രതീക് മരിച്ചെന്നും നേഹയും ആയുഷും ചേര്‍ന്ന് മൃതദേഹം ദഹിപ്പിച്ചെന്നും പോലിസ് കണ്ടെത്തി. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ നടത്തിയത്.
