സഹോദരന്റെ വെടിയേറ്റ് മൂന്നുവയസുകാരന്‍ മരിച്ചു

Update: 2025-02-17 02:32 GMT

മാണ്ഡ്യ(കര്‍ണാടക): തോക്കുമായി കളിക്കുകയായിരുന്ന പതിമൂന്നുവയസുകാരന്റെ വെടിയേറ്റ് സഹോദരനായ മൂന്നുവയസുകാരന്‍ മരിച്ചു. കോണ്‍ഗ്രസ് നേതാവ് നരസിംഹമൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലെ തൊഴിലാളിയായ അസം സ്വദേശിയുടെ മകനാണ് മരിച്ചിരിക്കുന്നത്. ഫാമിലെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച തോക്കെടുത്താണ് കുട്ടികള്‍ കളിച്ചിരുന്നത്. അതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു എന്നാണ് അനുമാനം. ചിതറിത്തെറിച്ച വെടിയുണ്ടയേറ്റ് കുട്ടികളുടെ മാതാവിനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബെല്ലൂര്‍ ക്രോസിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാഗമണ്ഡല റൂറല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ബി രാജേന്ദ്ര പറഞ്ഞു. കുട്ടികളുടെ അമ്മയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.