തെഹ്‌റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങള്‍ പിടിച്ചെന്ന് ഇറാന്‍; ഇസ്രായേല്‍ പരിശീലിപ്പിച്ച സംഘവും പിടിയില്‍

Update: 2026-01-17 03:38 GMT

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങള്‍ പിടികൂടി. ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് പരിശീലിപ്പിച്ച സംഘത്തിന്റെ രണ്ടുനേതാക്കളെയും പിടികൂടി. ബുഷെ്ഹര്‍ പ്രവിശ്യയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് ലോ എന്‍ഫോഴ്‌സ്‌മെന്റ് കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. നഗരകേന്ദ്രീകൃതമായ യുദ്ധതന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവരാണ് അറസ്റ്റിലായ രണ്ടു പ്രതികളും. തെഹ്‌റാനില്‍ കടന്നുകയറി കൊള്ളയും കൊലയും നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. എകെ-47, ഷോട്ട്ഗണ്‍, വാക്കിടോക്കി, സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ബുഷ്‌ഹെര്‍ പ്രവിശ്യയില്‍ സൈനിക താവളങ്ങളും പോലിസ് സ്‌റ്റേഷനുകളും ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് ഈ സംഘത്തിന്റെ ഭാഗമായ മറ്റു പ്രതികളാണ്.

അതേസമയം, ഈ ആഴ്ച തെഹ്‌റാനിലെ തെരുവുകളില്‍ അക്രമികളെ കണ്ടില്ലെന്ന് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. തെഹ്‌റാനിലെ അവരുടെ സ്രോതസുകളെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. കലാപം കെട്ടടങ്ങിയെന്നാണ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലെന്നും റിപോര്‍ട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സമാധാനപരമായി പ്രതിഷേധിച്ചവരെ ഒഴിവാക്കി കലാപകാരികളെ മാത്രമാണ് ഇറാന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കിയതെന്നും അതാണ് വിജയത്തിന് കാരണമെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. കലാപകാരികളെ കുറിച്ച് ജനങ്ങള്‍ നാലുലക്ഷം റിപോര്‍ട്ടുകളാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോപ്‌സിന് കൈമാറിയത്. ഇവയെല്ലാം പരിശോധിച്ച് ഉചിതമായ കേസുകളില്‍ നടപടികള്‍ സ്വീകരിച്ചു.