കോഴിയുടെ കാല്‍ തല്ലി ഒടിച്ച യുവാവിനെതിരേ പരാതി

Update: 2025-07-11 02:41 GMT

ഹൈദരാബാദ്: കോഴിയുടെ കാല്‍ തല്ലിയൊടിച്ച അയല്‍വാസിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വയോധിക പോലിസില്‍ പരാതി നല്‍കി. തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ കാദരി ഗംഗമ്മയാണ് അയല്‍ക്കാരനായ രാകേഷ് എന്നയാള്‍ക്കെതിരേ നക്രേക്കല്‍ പോലിസില്‍ പരാതി നല്‍കിയത്.ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് ഗംഗമ്മ പോലിസ് സ്റ്റേഷനിലെത്തിയത്. പോലിസ് സ്റ്റേഷനു മുന്നില്‍ നിന്ന് പരാതി പറയുന്ന ഇവരുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

രാകേഷിന്റെ പുരയിടത്തില്‍ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോല്‍ കൂനയിലെ ധാന്യങ്ങള്‍ കൊത്തി തിന്നിരുന്നു. ഇതില്‍ പ്രകോപിതനായ രാകേഷ് കോഴിയുടെ കാലുകളൊടിക്കുകയായിരുന്നുവെന്നും ഗംഗമ്മ പറയുന്നു. പരാതി പറഞ്ഞ് തീര്‍ക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കുമെന്ന് സിഐ കെ രാജശേഖര്‍ പറഞ്ഞു.