''523 രൂപയുടെ ടിക്കറ്റിനും ആളില്ല'' യുപിയിലെ ഏഴു വിമാനത്താവളങ്ങള്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തനം നിര്‍ത്തിയെന്ന് റിപോര്‍ട്ട്
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഏഴു വിമാനത്താവളങ്ങള്‍ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസത്തിന് ശേഷം പ്രവര്‍ത്തനം നിര്‍ത്തിയെന്ന് റിപോര്‍ട്ട്. ബുന്ദേല്‍ഖണ്ഡിലെ ആദ്യ വിമാനത്താവളമെന്ന് അവകാശപ്പെട്ട് 146 കോടി രൂപ ചെലവില്‍ നിര്‍മിച്ച ചിത്രകൂട്ട് വിമാനത്താവളം 2024 മാര്‍ച്ച് പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാലു ദിവസം ചിത്രകൂട്ടില്‍ നിന്നും ലഖ്‌നോവിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തി. എന്നാല്‍, നാലുമാസം കഴിഞ്ഞപ്പോള്‍ സര്‍വീസുകള്‍ നിലച്ചു. 2024 ഡിസംബര്‍ 16ന് ശേഷം ഒരു വിമാനവും ചിത്രകൂട്ടില്‍ നിന്നും സര്‍വീസ് നടത്തിയിട്ടില്ല.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നാണ് കുശിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് മോദി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്. 2021 നവംബര്‍ 21ന് സ്‌പൈസ് ജെറ്റ് 75 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്നും കുശിനഗറിലേക്ക് സര്‍വീസ് നടത്തി. പിന്നീട് മുംബൈയിലേക്കും കൊല്‍ക്കത്തയിലേക്കും ഏതാനും സര്‍വീസുകള്‍ നടത്തി. എന്നാല്‍, യാത്രക്കാരില്ലാത്തതിനാല്‍ അതെല്ലാം നിലച്ചു.
2024 മാര്‍ച്ച് 10ന് രാജ്യത്ത് 12 വിമാനത്താവളങ്ങളാണ് മോദി ഉദ്ഘാടനം ചെയ്തത്. ചിത്രകൂട്ട്, അസംഗഡ്, ശ്രവസ്തി, മൊറാദാബാദ്, അലീഗഡ് എന്നീ വിമാനത്താവളങ്ങള്‍ യുപിയിലായിരുന്നു. 2024 നവംബര്‍ 24 വരെ അസംഗഡ് വിമാനത്താവളത്തില്‍ നിന്ന് ലഖ്‌നോവിലേക്ക് സര്‍വീസുകള്‍ നടന്നു. എന്നാല്‍, കൂടുതല്‍ യാത്രക്കാര്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ വഴി ലഖ്‌നോയിലേക്ക് പോവാനാണ് താല്‍പര്യപ്പെടുന്നത്. അതിനാല്‍ എയര്‍ സര്‍വീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അലീഗഡില്‍ നിന്നും ലഖ്‌നോവിലേക്കുള്ള സര്‍വീസ് ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം മാത്രമേ നീണ്ടുനിന്നുള്ളൂ. മൊറാദാബാദ് വിമാനത്താവളത്തില്‍ നിന്നുള്ള ലഖ്‌നോയിലേക്കുള്ള സര്‍വീസുകളും അതിവേഗം നിലച്ചു. ശ്രവസ്തിയില്‍ നിന്നും ലഖ്‌നോവിലേക്കുള്ള ടിക്കറ്റ് നിരക്ക് വെറും 523 രൂപയായിരുന്നു. എന്നിട്ടും ആളുകള്‍ വരാത്തതിനാല്‍ ഈ സര്‍വീസും നിലച്ചു. 2024 ഒക്ടോബര്‍ 20ന് ഉദ്ഘാടനം ചെയ്ത സഹരാന്‍പൂര്‍ വിമാനത്താവളത്തില്‍ ഇതുവരെ ഒരു വിമാനവും എത്തിയിട്ടില്ല.
