'ഐ ലവ് മുഹമ്മദ് പ്രഖ്യാപനം': രാജ്യത്ത് കേസെടുത്തത് 4,505 മുസ്‌ലിംകള്‍ക്കെതിരേ
ന്യൂഡല്‍ഹി: 'ഐ ലവ് മുഹമ്മദ്' പ്രഖ്യാപനങ്ങളെ തുടര്‍ന്ന് രാജ്യത്ത് 4,505 മുസ്‌ലിംകള്‍ക്കെതിരേ പോലിസ് കേസെടുത്തെന്ന് പൗരാവകാശ സംഘടനയായ എപിസിആര്‍. രാജ്യത്തെ 23 നഗരങ്ങളിലായാണ് ഒക്ടോബര്‍ ഏഴിന് ശേഷം ഇത്രയും മുസ്‌ലിംകളെ പ്രതികളാക്കിയത്. മൊത്തം 265 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിനത്തിന് 'ഐ ലവ് മുഹമ്മദ്' ബാനര്‍ സ്ഥാപിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തതാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. പ്രതിഷേധക്കാരെ പോലിസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ 87 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബറെയ്‌ലിയില്‍ 27 വീടുകള്‍ പൊളിക്കാനും ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
മരണങ്ങളോ സായുധ കലാപമോ ഉണ്ടായിട്ടില്ലെങ്കിലും സര്‍ക്കാരിനെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ കേസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പിന്റെ പുതിയൊരു വഴി ഈ കേസുകള്‍ കാണിക്കുന്നു. ബറെയ്‌ലിയില്‍ നിയമം വ്യത്യസ്തമായി പ്രവര്‍ത്തിച്ചു. കന്‍വാറിയ യാത്രക്കാര്‍ക്ക് മേല്‍ പൂക്കള്‍ വിതറിയ പോലിസ് ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ കീറുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നു.''-എപിസിആറിന്റെ ദേശീയ സെക്രട്ടറി നദീം ഖാന്‍ പറഞ്ഞു. മസാര്‍ പെഹല്‍വാന്‍ മാര്‍ക്കറ്റിലെ മുസ്‌ലിംകളുടെ വിവാഹ ഹാളുകളും മറ്റ് ബിസിനസുകളും ഉള്‍പ്പെടെ നിരവധി കടകള്‍ ബറെയ്‌ലി ഭരണകൂടം സീല്‍ ചെയ്തു. കടയുടമകള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയായിരുന്നു നടപടികള്‍.
