പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 64 വര്‍ഷം തടവ്

Update: 2025-05-14 12:26 GMT

തിരുവനന്തപുരം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ 64 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍ രേഖയാണ് പ്രതിയായ സുരേഷിനെ(45) ശിക്ഷിച്ചത്. 30000 രൂപ പിഴ അടച്ചില്ലെങ്കില്‍ 8 വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. 2019 സെപ്റ്റംബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം.

പെണ്‍കുട്ടിയുടെ ബന്ധു മരിച്ച ദിവസം സംസ്‌കാരം കഴിഞ്ഞു വീടിന്റെ മുകള്‍ഭാഗത്ത് ഇരുന്ന കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈകൊണ്ട് വാ പൊത്തി പിടിച്ചതിനു ശേഷമായിരുന്നു പീഡനം. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ അനാവശ്യമായി സ്പര്‍ശിച്ചതായി കുട്ടി അമ്മൂമ്മയോട് പറയുകയും അമ്മൂമ്മ അവിടെവച്ച് പ്രതിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോളാണു കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. വിചാരണയ്ക്കിടെ പ്രതിയെ കുട്ടിയുടെ അമ്മ മൊബൈല്‍ ഫോണ്‍ കൊണ്ട് കോടതി വളപ്പില്‍ വച്ച് മര്‍ദിച്ചിരുന്നു. അമ്മയെ വിസ്തരിച്ചതിനു ശേഷമായിരുന്നു സംഭവം.