അസമിലെ അഞ്ച് ലക്ഷത്തോളം 'മിയാ' വോട്ടുകള്‍ വെട്ടും: മുഖ്യമന്ത്രി

Update: 2026-01-28 02:24 GMT

ഗുവാഹത്തി: അസമിലെ ബംഗാളി സംസാരിക്കുന്ന അഞ്ചുലക്ഷത്തോളം 'മിയ' വോട്ടുകള്‍ വെട്ടുമെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെ മോശമാക്കി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മിയ എന്നത്. ബംഗ്ലാദേശി എന്ന് വിളിക്കുന്നതിന് തുല്യമാണ് മിയ എന്ന വാക്ക്. ' മിയ'കളെ ബുദ്ധിമുട്ടിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിയകള്‍ അസമില്‍ വോട്ടുചെയ്യരുത്, അവര്‍ ബംഗ്ലാദേശിലാണ് വോട്ടുചെയ്യേണ്ടത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ് നോട്ടിസ് ലഭിച്ചിട്ടുണ്ട്. അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് എന്ത് കരുതും എന്നത് എന്റെ പ്രശ്‌നമല്ല. പക്ഷേ, മിയകള്‍ അനുഭവിക്കും. അതാണ് തന്റെ കര്‍ത്തവ്യമെന്നും ഹിമാന്ത ബിശ്വ ശര്‍മ വിശദീകരിച്ചു.

നിയമത്തിന്റെ പരിധിയില്‍ നിന്ന് മിയകളെ പരമാവധി ശല്യപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ശര്‍മ പറഞ്ഞിരുന്നു.

''മിയ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചു രൂപയാണ് ചാര്‍ജെങ്കില്‍ നാലു രൂപയേ കൊടുക്കാവൂ. പരമാവധി അവര്‍ എന്ത് ചെയ്യും ? കേസ് കൊടുക്കും. അസം പോലിസ് അത് കൈകാര്യം ചെയ്‌തോളും. ബിജെപിയും ഞാനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്.''- ശര്‍മ കൂട്ടിചേര്‍ത്തു.