ദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്; ശിക്ഷ 35 വര്‍ഷത്തിന് ശേഷം
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയിലെ പന്‍വാരി ഗ്രാമത്തില്‍ ദലിത് വിവാഹചടങ്ങിനെ ആക്രമിച്ച സംഭവത്തിലെ 35 പ്രതികളെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 1990ല്‍ നടന്ന സംഭവത്തില്‍ 35 വര്‍ഷത്തിന് ശേഷമാണ് 35 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രതികള്‍ ഓരോരുത്തരും 41,000 രൂപ വീതം പിഴയടക്കണമെന്നും പ്രത്യേക എസ്.സി-എസ്.ടി കോടതി ജഡ്ജി പുഷ്‌കര്‍ ഉപാധ്യായ നിര്‍ദേശിച്ചു. ഈ തുകയുടെ പകുതി ദലിത് കുടുംബത്തിന് നല്‍കണം. ഇന്നലെ ശിക്ഷാ വിധി കേള്‍ക്കാന്‍ 32 പേര്‍ മാത്രമേ എത്തിയിരുന്നുള്ളൂ. അവരെ ജയിലിലേക്ക് അയച്ചു. ബാക്കിയുള്ള മൂന്നു പേര്‍ക്ക് ജാമ്യമില്ലാ വാറന്‍ഡ് അയച്ചു.
1990 ജൂണ്‍ 21-22 തീയ്യതികളിലാണ് സംഭവം നടന്നത്. ദലിത് വരന്‍ കുതിരപ്പുറത്ത് കയറിയതാണ് ഉയര്‍ന്ന ജാതിക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തൊട്ടടുത്ത ദിവസം ഇരുവിഭാഗവും തമ്മില്‍ വെടിവയ്പും നടന്നു. ഇതില്‍ 50 വയസുകാരനായ ജാട്ട് സമുദായത്തിലെ സോണി റാം കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ നിരവധി ദലിത് വീടുകള്‍ ആക്രമിക്കപ്പെട്ടു. ജൂണ്‍ 22ഓടെ അക്രമം അടുത്ത ഗ്രാമങ്ങളിലേക്കും പടര്‍ന്നു. പ്രദേശത്ത് ഒരു മാസം കര്‍ഫ്യൂവും പ്രഖ്യാപിച്ചു. പിന്നീട് രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും പന്‍വാരി ഗ്രാമം സന്ദര്‍ശിച്ചു. ഇതേതുടര്‍ന്നാണ് പോലിസ് കേസെടുത്തത്. ഇന്നലെ കുറ്റക്കാരായവര്‍ ശിക്ഷാ ഇളവിനായി വാദിച്ചു. പ്രതികള്‍ എല്ലാം കര്‍ഷകരാണെന്നും 80-85 വയസിനുള്ളില്‍ പ്രായമുള്ളവരാണെന്നുമാണ് വാദിച്ചത്. പക്ഷേ, ഇത് കോടതി പരിഗണിച്ചില്ല.
