നൈറ്റ് ഡ്യൂട്ടിയില്‍ ഉറങ്ങിയ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-06-27 03:42 GMT

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടിയില്‍ ഉറങ്ങിയ പെരുമ്പാവൂര്‍ സ്റ്റേഷനിലെ മൂന്നു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29നാണ് ആരോപണത്തിനിടയാക്കിയ സംഭവം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയം കഞ്ചാവ് കേസില്‍ പ്രതിയായ വനിതയുള്‍പ്പെടെ രണ്ടുപേരും മറ്റൊരു മോഷണക്കേസ് പ്രതിയും സ്റ്റേഷനിലുണ്ടായിരുന്നു. രണ്ടാഴ്ചമുന്‍പ് സ്റ്റേഷനില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവമുണ്ടായി. ഇയാളെ പിന്നീട് പിടികൂടിയെങ്കിലും സംഭവത്തില്‍ ചുമതലയിലുണ്ടായിരുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.