ദീപക്കിന്റെ കുടുംബത്തിന് മൂന്നുലക്ഷം സഹായം

Update: 2026-01-21 05:49 GMT

കോഴിക്കോട്: ബസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ സഹായം നല്‍കി. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 3,17,074 രൂപയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിലെത്തി കൈമാറിയത്. ഓണ്‍ലൈന്‍ വഴി പൊതുജനങ്ങളും മലബാര്‍ ഗ്രൂപ്പ് മേധാവി എ കെ ഫൈസല്‍, ഫാസ്റ്റ് ബിസിനസ് ലൈന്‍ എംഡി ഹിലാര്‍ അബ്ദുല്ല എന്നിവരും ഇതിന്റെ ഭാഗമായതായി രാഹുല്‍ ഈശ്വറിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് പറയുന്നു. 

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഷിംജിത മുസ്തഫ ഒളിവില്‍ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലിസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോണ്‍ കണ്ടെത്താനാണു ശ്രമം.