ഇസ്രായേലില്‍ സ്‌ഫോടന പരമ്പര: മൂന്നു ബസുകള്‍ പൊട്ടിത്തെറിച്ചു (വീഡിയോ)

Update: 2025-02-21 01:28 GMT

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവില്‍ സ്‌ഫോടന പരമ്പര. മൂന്നു ബസുകള്‍ പൊട്ടിത്തെറിച്ചു. ഇന്നലെ രാത്രി തെല്‍അവീവിലെ ബാത് യാം, ഹോളോന്‍ പ്രദേശങ്ങളിലെ പാര്‍ക്കിങ് സെന്ററുകളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഹോളോനിലെ മറ്റു രണ്ടു ബസുകളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി ഇസ്രായേലി പോലിസ് അറിയിച്ചു. ഒരോ ബോംബുകള്‍ക്കും അഞ്ചു കിലോഗ്രാം വീതം തൂക്കമുണ്ടായിരുന്നു. വെസ്റ്റ് ബാങ്കിലെ തൂല്‍ക്കാം അഭയാര്‍ത്ഥി കാംപില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന് എതിരെയുള്ള പ്രതിഷേധമാണ് സ്‌ഫോടനമെന്ന് പറയുന്ന കുറിപ്പു പ്രദേശത്ത് നിന്നു ലഭിച്ചതായി ഇസ്രായേലി സര്‍ക്കാര്‍ അറിയിച്ചു.

ഇസ്രായേലിന് അകത്ത് നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. തെല്‍അവീവിലെ എല്ലാ ബസ്-ട്രെയ്ന്‍ സര്‍വീസുകളും നിര്‍ത്തിവച്ച് പരിശോധിക്കാന്‍ ഗതാഗത മന്ത്രിയും നിര്‍ദേശിച്ചു. കണ്ടെടുത്ത ബോംബുകളില്‍ ടൈമറുകള്‍ ഉണ്ടായിരുന്നതായി ജില്ലാ പോലിസ് േേമാധാവി ബാത് യാം പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ നിര്‍മിച്ചവയാവാം ബോംബെന്നും ബാത് യാം സൂചന നല്‍കി. ഇന്ന് രാവിലെ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ സെറ്റ് ചെയ്ത ബോംബുകളാണ് പിടിച്ചെടുത്തിരിക്കുന്നത്.