ന്യൂഡല്‍ഹി: മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നതിനാല്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഛണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭുണ്ടര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ബതിന്‍ഡ, ജയ്‌സാല്‍മര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലെഹ്, മുന്ധ്ര, ജാംനഗര്‍, രാജ്‌കോട്, പോര്‍ബന്തര്‍, കേശോദ്, കാണ്ഡ്‌ല, ഭുജ് വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്. ടെര്‍മിനല്‍ ബില്‍ഡിങ്ങുകളില്‍ സന്ദര്‍ശകര്‍ക്ക് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിസിറ്റര്‍ എന്‍ട്രി ടിക്കറ്റുകളും താല്‍ക്കാലികമായി നിര്‍ത്തി.
ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകളും എത്തിച്ചേരേണ്ട 5 സർവീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകൾ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ് , ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഒട്ടേറെ സർവീസുകൾ വൈകി.
